ഞാനും ഈ തലമുറയിൽപ്പെട്ട ആളാണ് , പ്രായം കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നിരിക്കും – മമ്മൂട്ടി

ഒട്ടേറെ ഓർമ്മകൾ തന്റെ പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതത്തിൽ മമ്മൂട്ടിക്ക് പങ്കു വെയ്ക്കാനുണ്ട് .
ഉയരെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്ച് ചടങ്ങിനെത്തിയ മമ്മൂട്ടി അത്തരത്തിൽ ഒട്ടേറെ കാര്യങ്ങൾ പങ്കു വച്ചു . ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പങ്കു വെയ്ക്കുകയാണ് മമ്മൂട്ടി .

“ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമയ്ക്ക് വേണ്ടി കോഴിക്കോട്ട് വരുകയാണെന്ന് പറയുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലില്‍ നടക്കുമ്പോഴാണ് അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഗംഗേട്ടനും (പി.വി ഗംഗാധരന്‍) ദാമോദരന്‍മാഷും (ടി. ദാമോദരന്‍) എന്നെ ക്ഷണിക്കുന്നത്. നേരിട്ട് വന്ന് വിളിക്കുകയായിരുന്നു. അഹിംസയില്‍ ഒരു കഥാപാത്രം ഉണ്ട്. അതില്‍ അഭിനയിക്കാന്‍ താനേയുള്ളൂ എന്ന് പറഞ്ഞു. അന്ന് ഞാന്‍ ആകെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടന്‍മാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നെ തന്നെ അഭിനയിക്കാന്‍ വിളിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി.

ആദ്യമായി എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് എനിക്ക് ലഭിച്ചു. ആ പുരസ്‌കാരം എനിക്ക് പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി (ചിരിക്കുന്നു). കാരണം വളരെ ചെറുപ്പത്തില്‍ ലഭിച്ച പുരസ്‌കാരമായിരുന്നു. സിനിമ സ്വപ്‌നമായി കണ്ട് ജീവിച്ച എനിക്ക് ആ പുരസ്‌കാരം നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. ഐ.വി ശശിയും ദാമോദരന്‍ മാസ്റ്ററും ഇന്ന് നമ്മോടൊപ്പമില്ല. എന്നിരുന്നാലും ഈ അവസരത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുകയാണ്.

ചെമ്മീന് ശേഷം വളരെ ഖ്യാതി നേടിയ വടക്കന്‍ വീരഗാഥയിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് പിന്നിലും ഇവരുടെ നിര്‍ബന്ധമായിരുന്നു. എന്നെ തന്നെ വേണമെന്ന് പറയുമ്പോള്‍ അത് എന്നോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടാണ്. ഇത് പുതിയ തലമുറയില്‍പ്പെട്ടവരുടെ സിനിമകളുടെ കാലമാണ്. എന്നാലും ഈ കാലഘട്ടത്തില്‍ നമ്മള്‍ ഇവിടെ ഉണ്ടല്ലോ. ഞാനും ഈ തലമുറയില്‍പ്പെട്ട ആളാണല്ലോ (ടൊവിനോയെ നോക്കി ചിരിച്ചു കൊണ്ടു ചോദിക്കുന്നു). പ്രായം ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരിക്കും.

കാലങ്ങള്‍ കഴിയും തോറും സിനിമ പല രൂപത്തിലും ഭാവത്തിലും വരും. ഗംഗാധരേട്ടന്റെ മൂന്ന് കുട്ടികളാണ് ഈ ചിത്രത്തിന് പിറകില്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അടുത്ത തലമുറ (എസ് ക്യൂബ്) നിര്‍മാണ രംഗത്തെത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്ത്രീകള്‍ അധികമില്ലാത്ത മേഖലയിലേക്കാണ് മൂന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം കടന്നുവരുന്നത്. അവരുടെ ചിത്രത്തിന്റെ പേരുപോലെ തന്നെ ഉയരെ ഉയരങ്ങളിലെത്തട്ടെ- മമ്മൂട്ടി പറഞ്ഞു.

mammootty about age

Sruthi S :