മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നിൽ ആര്? തുറന്ന് പറഞ്ഞ് പദ്മകുമാർ!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് പരാതി. സോഷ്യല്‍മീഡിയയിലെ ചില കുബുദ്ധികളും മനോരോഗികളുമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സംവിധായകന്‍ പദ്മകുമാര്‍ വ്യക്തമാക്കുന്നത്. മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പദ്മകുമാര്‍.

സോഷ്യല്‍മീഡിയയിലെ താറടിച്ചുകാട്ടല്‍ ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നും ഇല്ലാത്ത ഡീഗ്രേഡിങ് മാമാങ്കത്തിനോടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

ജോസഫ് സിനിമ നേടിയതിനെക്കാള്‍ വലിയ വിജയം മാമാങ്കം നേടും. വിവാദങ്ങള്‍ സിനിമയുടെ നിര്‍മ്മാണത്തെയും സര്‍ഗാത്മകതയെയും ബാധിച്ചില്ല. പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് ദിവസമായി സിനിമയെക്കുറിച്ച് നല്ല റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതുകൊണ്ട് ഡീഗ്രേഡ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ദിവസം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. സിനിമയെ നശിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശമില്ല. തനിയെ അവര്‍ പിന്മാറുമെന്നാണ് വിശ്വാസം.

തിയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരവെ മാമാങ്കത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ സിനിമ അപ്‌ലോഡ് ചെയ്തയാളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സിനിമ ഇന്റര്‍നെറ്റില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്തവരെയും പ്രതിചേര്‍ക്കും. ലോകവ്യാപകമായി വിവിധ രാജ്യങ്ങളിലെ രണ്ടായിരത്തിന് മുകളില്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മാമാങ്കം ആദ്യ ദിവസം തന്നെ 23 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പളളി അറിയിച്ചിരുന്നു.

MAMANKAM ABOUT PATHMAKUMAR

Noora T Noora T :