‘റോജ’ ഹൃദങ്ങളെ കീഴടക്കിയിട്ട് 30 വര്‍ഷങ്ങള്‍ ഇന്നും നിലയ്ക്കാത്ത ആവേശമായി എആര്‍ആറിന്റെ നിത്യഹരിത ഹിറ്റുകൾ !

തൊണ്ണൂറുകളില്‍ തമിഴില്‍ നിന്നും പിറന്ന സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു റോജ. അരവിന്ദ് സ്വാമിയും മധുബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. മണിരത്‌നം സംവിധാനം ചെയ്ത സിനിമയിലെ പാട്ടുകളും വലിയ വിജയം നേടിയിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും റോജ ഉണ്ടാക്കിയ ഓളം പ്രേക്ഷകര്‍ ആരും മറക്കില്ല.

ഒരു സിനിമയ്‌ക്കൊപ്പം അതിലെ പാട്ടുകളും പ്രിയപ്പെട്ടതാവുക ചുരുക്കം സിനിമകളിലാകും.മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തിറങ്ങിയ റോജ അത്തരത്തിൽ ഒരു സിനിമയാണ്. സിനിമയും സിനിമയിലെ ഗാനങ്ങളും ഇന്നും ഓര്‍ക്കാത്തെ, ഇടയ്‌ക്കൊക്കെ മൂളാത്ത സിനിമാ പ്രേമികള്‍ ഉണ്ടാകില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വാതന്ത്ര്യദിനത്തിലായിരുന്നു റോജ പ്രേക്ഷകരിലേക്ക് എത്തിയത്. ഒപ്പം എ ആര്‍ റഹ്മാന്‍ എന്ന സംഗീത സംവിധായന്റെ പിറവിയും.ഇന്ത്യൻ സം​ഗീതത്തിലെ ജീവിച്ചിരിക്കുന്ന ലെജൻഡ്സിൽ ഒരാളാണ് എആർ റഹ്മാൻ എന്നതിൽ ആർക്കും ഒരു സംശയവും കാണില്ല. റഹ്മാന്റെ പിതാവ് ആർകെ ശേഖർ തന്റെ പ്രധാന പ്രവർത്തന രം​ഗമാക്കിയത് മലയാള സിനിമയെ ആയിരുന്നു. എന്നാൽ മകൻ എആർ റഹ്മാൻ ലോകം മുഴുവൻ പടർന്ന് പന്തലിച്ചു. മലയാളത്തിനായി റഹ്മാൻ സം​ഗീതം പകർന്നത് 1992 ൽ യോദ്ധയ്ക്ക് വേണ്ടിയായിരുന്നു. റോജ എന്ന ആദ്യ സിനിമയ്ക്ക് ശേഷം, അതേ വർഷം തന്നെ ആയിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.
ചരിത്രം മാറ്റിയെഴുതിക്കൊണ്ടായിരുന്നു റഹ്മാന്റെ വളര്‍ച്ചയുടെ തുടക്കം. മണിരത്‌നത്തിന്റെ സിനിമകളിലൊക്കെയും അതുവരെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് ഇളയരാജയായിരുന്നു. അദ്ദേഹം സംഗീത സംവിധാന നിര്‍വഹിക്കാത്ത ആദ്യ സിനിമയില്‍ ആ ലെജന്‍ഡിന് പകരമെത്തിയതാണ് എആര്‍ആര്‍. സിനിമയുടെ നിര്‍മ്മാതാവുമായിയുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം മണിരത്‌നത്തിന് പുതിയൊരു സംഗീത സംവിധായകനെ തേടേണ്ടി വന്നു. ഇളയരാജയ്ക്ക് പകരം ദിലീപ് എന്ന ഇരുപത്തിയഞ്ചുകാരന്‍ വന്നു. ആ വരവ് വെറുതെയല്ലെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം തെളിയിച്ചു. പിന്നീട് ആ ഇരപത്തിയഞ്ചുകാരന്‍ എആര്‍ റഹ്മാന്‍ എന്നറിയപ്പെട്ടു.തന്റെ ലോകം മാറ്റി മറിച്ചത് റോജയാണെന്ന് സമീപകാലത്ത് ഒരു അഭിമുഖത്തില്‍ എആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. ‘ചിന്ന ചിന്ന ആസൈ’, ‘രുക്കുമണി രുക്കുമണി’, ‘കാതല്‍ റോജാവെ’, ‘പുതു വെള്ളൈ മഴൈ’, തുടങ്ങിയ ആറ് ഗാനങ്ങളാണ് എആര്‍ആര്‍ റോജയ്ക്ക് വേണ്ടിയൊരുക്കിയത്. ആറു ഗാനങ്ങളും ഹിറ്റായിരുന്നു.

1992 ആഗസ്റ്റ് 15നായിരുന്നു റോജയുടെ റിലീസ്. മണിരത്‌നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത സിനിമകളില്‍ ഒന്നായിരുന്നു റോജ. സൈനികരുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് നായകനായി എത്തിയത്. ഋഷി കുമാര്‍ എന്ന അരവിന്ദ് സ്വമിയുടെ കഥാപാത്രം ഒരു പട്ടാളക്കാരനാണ്. ജമ്മു കാശ്മീരിലെ രഹസ്യ ദൗത്യത്തിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതും അദ്ദേഹത്തെ കണ്ടെത്താന്‍ ഭാര്യ നടത്തുന്ന ശ്രമവുമാണ് റോജ. മധു ബാലയാണ് ചിത്രത്തില്‍ റോജ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണിരത്‌നത്തിന്റെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടില്‍ റോജയും ഭാഗമായി. ഹിന്ദി, മറാത്തി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമ മൊഴിമാറ്റം ചെയ്യപ്പെട്ടു. മികച്ച സംഗീത സംവിധായകന് ഉള്‍പ്പെടെ മൂന്ന് ദേശീയ സിനിമയ്ക്ക് ലഭിച്ചു.

AJILI ANNAJOHN :