3.5 കോടിക്ക് നിർമിച്ച മാളികപ്പുറം, ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷൻ സ്വന്തമാക്കി; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മാളികപ്പുറം. ചിത്രം കഴിഞ്ഞ ദിവസം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. അതിന് തൊട്ട് പിന്നാലെ മാളികപ്പുറം 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. നൂറ് കോടി ക്ലബിൽ ഇടം നേടിയെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയത്.

3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയെന്നാണ് താരം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടാണ് മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ 26ന് റിലീസാകും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്ന ആഴ്ചയിൽ തിയറ്ററുകളിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിൽ ഹിന്ദുത്വ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുയെന്ന് ചിലർ പറഞ്ഞു പരത്തിയിരുന്നു. അതിനാൽ പലരും മാളികപ്പുറം കാണാൻ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി അയ്യപ്പനെ കാണാനായി ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് മാളികപ്പുറം എന്നതെന്ന് ഉണ്ണി മുകുന്ദൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു. ദൈവം നിന്നിൽ തന്നെയുണ്ടെന്ന് പറയുന്ന തത്വമസി എന്ന ആശയത്തെയാണ് സിനിമ പറയുന്നതെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം അടുത്ത ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലെ എന്ന വെബ് പോർട്ടൽ റിപ്പോർട്ടിന് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Noora T Noora T :