മോണ്‍സന്റെ തട്ടിപ്പ് വിക്രമിന്റെ പേരിലും..!പ്രത്യക്ഷപ്പെട്ടത് വിക്രമിന്റെ ബിനാമിയാണെന്ന് പറഞ്ഞ്

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍ നടന്‍ വിക്രമിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി ആരോപണം. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാന്‍ വിക്രമിന്റെ ബിനാമിയെന്ന പേരിലാണ് മോന്‍സന്‍ അവിടെ എത്തിയത്.

50 കോടി രൂപയ്ക്ക് പുരാവസ്തു ശാല വാങ്ങാം എന്നാണ് മോന്‍സന്‍ സ്ഥാപന ഉടമയായ അബ്ദുള്‍ സലാമിനെ അറിയിച്ചത്. എച്ച്എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന രേഖ കാണിച്ചാണ് തന്നെ പറ്റിച്ചതെന്ന് ഉടമ പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പായിരുന്നു സംഭവം. തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് സ്ഥാപനം വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന സമയത്തായിരുന്നു.

എറണാകുളത്തെ ഒരു സുഹൃത്തു വഴി മോന്‍സന്‍ കച്ചവടത്തിനെത്തിയത്. 50 കോടി രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. നടന്‍ വിക്രമാണ് ഇതിന് പണമിറക്കുന്നതെന്നും അദ്ദേഹം ഉടന്‍ വരുമെന്നും ഉടമയോട് പറഞ്ഞിരുന്നു. താന്‍ വിക്രമിന്റെ ബിനാമിയാണെന്നാണ് പറഞ്ഞിരുന്നതെന്നും സലാം പറഞ്ഞു.

ബാങ്കില്‍ പണമുണ്ടെന്ന രേഖകള്‍ കാണിച്ചിരുന്നു. കച്ചവടമായ പശ്ചാത്തലത്തില്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 50ഓളം സ്റ്റാഫിനെ താന്‍ പറഞ്ഞുവിട്ടു. ടൂറിസ കമ്പനികളുമായും കരാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ഇത് മൂലം തനിക്ക് കോടികളുടെ നഷ്ടമുണ്ടായിയെന്നും സലാം പറഞ്ഞു.

Vijayasree Vijayasree :