ഈ പ്രതിസന്ധി കാലഘട്ടത്തിലെ ഏറ്റവും വലിയ ചാരിറ്റി അതാണ്; തുറന്ന് പറഞ്ഞ് സോനു സൂദ്

കോവിഡ് നാശം വിതച്ചിരിക്കുന്ന ഈ കാലത്ത് നിരവധി പേര്‍ക്ക് സഹായവുമായി എത്തി, എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിരുന്ന താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ആവശ്യക്കാര്‍ക്ക് ജോലി നല്‍കുക എന്നതാണ് ഏറ്റവും വലിയ ചാരിറ്റിയെന്ന് പറയുകയാണ് സോനു സൂദ്. ട്വിറ്ററിലീണ് താരം ഇക്കാര്യം പറഞ്ഞത്. കൊവിഡ് മഹമാരിയില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കവെയാണ് താരത്തിന്റെ ട്വീറ്റ്.

അതിന് പുറമെ സോനു സൂദ് തന്റെ ഫൗണ്ടേഷനിലൂടെ സൗജന്യമായി സിഎ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോച്ചിങ്ങ് നല്‍കുക എന്നതാണ് സംരംഭത്തിന്റെ ഉദ്ദേശം. അതിന് ശേഷം അവര്‍ക്ക് ഇന്റേണ്‍ഷിപ്പും പിന്നീട് ജോലിയും ലഭിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തണമെങ്കില്‍ നമുക്ക് ബുദ്ധിമാന്‍മാരായ സിഎക്കാരെ ആവശ്യമാണ് എന്ന് ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു താരം സംരംഭം പ്രഖ്യാപിച്ചത്.

ഓണ്‍ലൈന്‍ ക്ലാസിന് പങ്കെടുക്കാനാവാത്ത കേരളത്തിലെ വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയാണെന്ന് സോനു സൂദ് കുറച്ച് ദിവസം മുമ്പ് അറിയിച്ചിരുന്നു. കൊവിഡ് കാരണം വിദ്യാര്‍ത്ഥികളെല്ലാം ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്.

എന്നാല്‍ വയനാട്ടിലെ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെ താരം ട്വിറ്ററിലൂടെ മൊബൈല്‍ ടവറിന്റെ കാര്യം അറിയിക്കുകയായിരുന്നു. ആര്‍ക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ വയനാട്ടിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ടെന്ന് എല്ലാവരോടും പറയുക എന്നാണ് താരം ട്വീറ്റ് ചെയ്തത്.

Vijayasree Vijayasree :