നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍, അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി, ബാക്കി അവര്‍ തന്നെ നോക്കിക്കോളും; റിമ കല്ലിങ്കല്‍

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചതിനു പിന്നാലെ ഇത്തരത്തിലുള്ളല നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ സ്ത്രീധനം വാങ്ങുന്നതിനും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും എതിരെ സംസാരിക്കുകയും രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.

‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍.

പെണ്‍ കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’ എന്നാണ് റിമ പറഞ്ഞത്.

അതേസമയം, വനിത കമ്മീഷന്‍ സ്ഥാനത്ത് നിന്നും എംസി ജോസഫൈന്‍ രാജി വെച്ചതിന് പിന്നാലെ സാമൂഹ്യവിമര്‍ശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസര്‍ ജെ ദേവികയെ വനിതാ കമ്മീഷന്‍ അധ്യക്ഷ ആക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. വിമണ്‍ ഓഫ് ഡിഫറന്റ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പോസ്റ്റ് ചെയ്ത വീഡിയോയാണ് റിമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ രാജി. ഒരു മാധ്യമം സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എംസി ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളം സ്വദേശി ലെബിനെയോടാണ് ജോസഫൈന്‍ ഇത്തരത്തില്‍ സംസാരിച്ചത്.

തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ പ്രതികരണം.

Vijayasree Vijayasree :