രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണം, പ്രവര്‍ത്തനങ്ങള്‍ നടന്നത് ലണ്ടന്‍ കേന്ദ്രീകരിച്ച്; പിന്നില്‍ രണ്ട് കമ്പനികള്‍, തെളിവുകള്‍ ശക്തമാണെന്ന് പോലീസ്

മുംബൈയില്‍ നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ്പാഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആണെന്ന് വിവരം. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍രിന്‍ എന്ന സ്ഥാപനം രാജ് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവിന്റെ ഉടമസ്ഥതയിള്ളതാണ്.

ഈ രണ്ടുകമ്പനികളും യോജിച്ചാണ് നീലച്ചിത്രനിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹോട്ട്ആപ്പുകള്‍ കെന്‍രിനാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുന്ദ്രയുടെ സ്ഥാപനത്തിലെ നീലച്ചിത്രങ്ങള്‍ ഇതുവഴിയാണ് വിതരണത്തിനെത്തുന്നതെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലണ്ടനിലാണ് കെന്‍രിന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കുന്ദ്രയുടെ വ്യാന്‍ ഇന്റസ്ട്രീസിലൂടെയാണെന്ന് മുംബൈ ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബ്രഹ്മബെ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസിന് ഇരു കമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കേസില്‍ രാജ് കുന്ദ്രയ്ക്കെതിരെയുള്ള തെളിവുകള്‍ ശക്തമാണ്. രാജ് കുന്ദ്രയേയും അദ്ദേഹത്തിന്റെ ഐടി തലനായ റയാന്‍ തോര്‍പ്പിനേയും ശക്തമായ തെളിവുകളോട് കൂടി തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മുബൈ ജോയിന്റ് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കുന്ദ്രയുടെ സ്ഥാപനത്തിന്റെ നീലച്ചിത്രവുമായി ബന്ധപ്പെട്ട് ഇരകളായ ചിലര്‍ 2021 ഫെബ്രുവരിയിലാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് രാജ് കുന്ദ്രയുടെ നീലച്ചിത്രനിര്‍മ്മാണത്തിലെ പങ്ക് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്ര മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്. നേരത്തെ ക്രിക്കറ്റ് വാതുവെപ്പുകേസിലും കുന്ദ്രയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Vijayasree Vijayasree :