‘ചങ്ക്സ്, ധമാക്ക പോലുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകന് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്’; ഒമര്‍ലുലുവിനെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസില്‍ നായകനായി എത്തിയ മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ആയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ മാലിക് സിനിമയിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

‘മാലിക്ക് സിനിമ കണ്ടു തീര്‍ന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം” എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ഇതോടെ ഒമറിന്റെ സിനിമകളെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തിയത്. ചങ്ക്സ്, ധമാക്ക പോലുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകന് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ഇതിന് മറുപടി പറഞ്ഞ് ഒമര്‍ ലുലു രംഗത്തെത്തിയിട്ടുണ്ട്. ”ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാന്‍, അതൊക്കെ യഥാര്‍ത്ഥ സമൂഹത്തില്‍ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റില്‍ എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങള്‍ ചര്‍ച്ചകളില്‍ ഓര്‍ത്ത് എടുക്കുന്നതിന് നന്ദി.”

മാലിക്കിനെ കുറിച്ചുള്ള തന്റെ പ്രതികരണത്തെ ന്യായീകരിക്കാനായി ‘പോസ്റ്റ് മനസിലാകാത്തവര്‍ക്കായി’ എന്ന വിശദീകരണത്തോടെ എസ്എഫ്ഐയെ തോല്‍പ്പിച്ച് കെഎസ്യു ചെയര്‍മാനായി എത്തിയ ജിനോ ജോണിന്റെ പത്രവാര്‍ത്തയുടെ കട്ടിങ്ങും സംവിധായകന്‍ കമന്റ് ബോക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മാലിക് ജൂലൈ 15ന് ആണ് റിലീസ് ചെയ്തത്. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

Vijayasree Vijayasree :