ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ പോലെ തന്നെ മാലിക്കും ഇസ്ലാമോഫോബിയയെ ആരും അറിയാതെ പ്രോത്സാഹിപ്പിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്’; എന്‍എസ് മാധവന്‍

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ മാലിക്ക് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലൊന്നായ ബീമാപള്ളി വെടിവെപ്പിനെ കുറിച്ചാണ് സിനിമ പറയുന്നത് എന്നായിരുന്നു ആരോപണം. എന്നാല്‍ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ കുറിച്ചല്ലെന്നും സാങ്കല്‍പ്പികമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് എഴുത്തുകാരനായ എന്‍ എസ് മാധവന്‍. ‘മാലിക്ക് പൂര്‍ണ്ണമായും സാങ്കല്‍പിക കഥയാണെന്ന് പറയാം. പക്ഷെ എന്ത് കൊണ്ടാണ് സിനിമയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചിരിക്കുന്നത്. അതും പച്ച കൊടിയുള്ള പാര്‍ട്ടി. എന്തിനാണ് ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് കാണിക്കുന്നത്? പിന്നെ മഹല്‍ കമ്മിറ്റി എന്താണ് ക്രിസ്ത്യാനികളെ അകത്തേക്ക് കയറ്റാന്‍ സമ്മതിക്കാത്തത്. ഇത് പൂര്‍ണ്ണമായും കേരളത്തിന്റെ ജാതിസ്വഭാവങ്ങള്‍ക്കെതിരാണ്.

കൂടാതെ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കാണിക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രമെന്തിനാണ് തീവ്രവാതം പ്രേത്സാഹിപ്പിക്കുന്നവരായി ചിത്രീകരിക്കുന്നത്? കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പിനെയാണ് ചിത്രം കാണിക്കുന്നത്. അത് സര്‍ക്കാരിന്റെ അറിവില്ലാതെയാണോ നടന്നത്? അത് കൊണ്ട് ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ പോലെ തന്നെ മാലിക്കും ഇസ്ലാമോഫോബിയയെ ആരും അറിയാതെ പ്രോത്സാഹിപ്പിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Vijayasree Vijayasree :