ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ മരയ്ക്കാര്‍ തിയേറ്ററിലേയ്ക്ക്…; റീലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചിത്രം തിയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

യാതൊരു ഉപാധികളുമില്ലാതെയാണ് ആന്റണി പെരുമ്പാവൂര്‍ മരക്കാരിന്റെ തിയേറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ – സാംസ്‌കാരി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാന്‍ പറഞ്ഞു.

സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. തിയേറ്ററിലെ സീറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാവും. ദീലിപിന്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തിയേറ്ററിലേക്ക് എത്തും.

ഒടിടിയിലേക്ക് സിനിമകള്‍ പോകരുത് ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സിനിമകള്‍ തീയേറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ പറഞ്ഞു.

Vijayasree Vijayasree :