കങ്കണയുടെ ഇത്തരം ചിന്തകളെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് വിളിക്കുക; കങ്കണ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലും താരം നിറയാറുണ്ട്. ഇപ്പോഴിതാ 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി.

‘മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചു. ഇത്തരം ചിന്തകളെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുക’ എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്. 1947ല്‍ നേടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോഴാണ് രാജ്യം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നുമാണ് കങ്കണയുടെ പരാമര്‍ശം.

തുടര്‍ന്ന് കങ്കണക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. കങ്കണാ റണാവത്തിന് ഈ വര്‍ഷമാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. നേരത്തെ വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്റര്‍ കങ്കണക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ലഖിംപുര്‍ ഖേരി സംഭവത്തിലും ബിജെപിയെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി നല്‍കണമെന്നും കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃരാലോചന നടത്തണമെന്നുമായിരുന്നു വരുണ്‍ ഗാന്ധിയുടെ ആവശ്യം. തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കി.

Vijayasree Vijayasree :