പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ല; നടന്‍ ജോജുവിനെതിരെ കേസെടുത്ത് മരട് പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സംഭവമാണ് നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം. ഇക്കഴിഞ്ഞ നവംബര്‍ 1ന് പെട്രോള്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ മാസികില്ലാതെ പൊതുജനങ്ങളുമായി ഇടപഴകിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍.

മരട് പോലീസാണ് ജോജുവിനെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ പരാതിയിന്മേലാണ് പോലീസ് നടപടിയെടുത്തത്. കേസില്‍ ജോജു 500 രൂപ പിഴയും ഒടുക്കണം. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎല്‍ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു.

എന്നാല്‍ സ്റ്റേഷനില്‍ നടന്‍ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റിലയില്‍ സമരത്തില്‍ പങ്കെടുത്തതിന് ഷാജഹാന്‍ ഉള്‍പ്പടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്ക് കൂടി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാറിന് വന്ന നഷ്ടത്തിന്റെ 50 ശതമാനം തുകയായ 37500 രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. രണ്ടാം പ്രതി ജോസഫിന്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Vijayasree Vijayasree :