ഷൂട്ടിങ്ങിന് വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതിക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍; വിവരങ്ങള്‍ പങ്കുവെച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി

ചെന്നൈയില്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ചലച്ചിത്ര വ്യവസായത്തില്‍ ആയാസ രഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുഗന്‍. ഷൂട്ടിങ്ങിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതിക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

അവിടെ അപേക്ഷിച്ചാല്‍ ഇന്ത്യയിലെവിടെയും ഷൂട്ട് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഓണ്‍ലൈനില്‍ അനുമതി നേടാം. അത് ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനിമേഷനും വിഎഫ്എക്‌സിനുമായി ഒരു ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാന്‍ മുംബൈ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ഡോ. മുരുഗന്‍ പറഞ്ഞു.

പരിപാടിയില്‍ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ അഭ്യര്‍ത്ഥനകളും ആവശ്യങ്ങളും സംബന്ധിച്ച് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. കൊവിഡ്, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍, സ്വകാര്യത പ്രശ്‌നങ്ങള്‍, ഫിലിം ഷൂട്ടിംഗിനുള്ള ഏകജാലക ക്ലിയറന്‍സ്, സിനിമകള്‍ക്ക് ഇരട്ട നികുതി എന്നിവ കാരണം ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉണ്ട്. മൃഗസംരക്ഷണ ബോര്‍ഡിന്റെ ഒരു യൂണിറ്റ് പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഓഫീസുകളില്‍ ഉണ്ടായിരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

സെന്‍സര്‍ ബോര്‍ഡില്‍ സിനിമാ വ്യവസായ മേഖലയില്‍ നിന്നുള്ള കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയും സെന്‍സര്‍ ബോര്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കുകയും, ഫിലിംഫെയര്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തവ ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകളുടെ പ്രക്ഷേപണം ദൂരദര്‍ശന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിക്ക് സമര്‍പ്പിച്ചു.

വിവിധ അസോസിയേഷനുകളുടെ നേതാക്കളുടെ നിവേദനവും അഭ്യര്‍ത്ഥനകളും സ്വീകരിച്ച ശേഷം, ചലച്ചിത്ര വ്യവസായത്തിന്റെ പരാതികള്‍ പരിഹരിക്കാന്‍ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ മക്കയായി കണക്കാക്കപ്പെടുന്ന എസ്‌ഐഎഫ്‌സിസിയില്‍ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളെ കാണാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഗോവ ചലച്ചിത്രമേളയില്‍ സംഘടനകളുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Vijayasree Vijayasree :