ദിലീപിനെ തളര്‍ത്തിയത് ആ മൂന്ന് സംവിധായകരുടെ വരവ്; ദിലീപ് ആരാധകര്‍ വിളിക്കുന്ന ഓമനപ്പേര് ‘ മട്ടാഞ്ചേരി മാഫിയ’

മിമിക്രിയിലൂടെ എത്തി മലയാള സിനിമയുടെ മുന്‍നിരയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേയ്ക്കുള്ള വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ജയറാമുമെല്ലാം നിറഞ്ഞാടിയിരുന്ന സമയവും തന്റെ ചിത്രം സൂപ്പര്‍ഹിറ്റ് ആക്കുവാന്‍ ദിലീപ് എന്ന ‘കലാകാരന്’ കഴിഞ്ഞു എന്നത് ശ്രദ്ധേയം തന്നെയാണ്. തന്റേതായ അവതരണ ശൈലിയിലൂടെയും തമാശകളിലൂടെയും തന്നെയാണ് ദിലീപ് ആരാധകരെ സ്വന്തമാക്കിയത് എന്നതില്‍ സംശയമില്ല.

എന്നാല്‍ ചീട്ടുകൊട്ടാരം പോലെയായിരുന്നു ദിലീപിന്റെ തകര്‍ച്ചയും. അത് ദിലീപിന്റെ ആരാധകര്‍ മട്ടാഞ്ചേരി മാഫിയ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മൂന്ന് സംവിധായകരുടെ വരവോടു കൂടിയാണ്. അമല്‍നീരദ്, ആഷിഖ് അബു, അന്‍വര്‍ റഷീദ് എന്നിവര്‍ എത്തിയതോടെ ദിലീപിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞുവെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ തന്നെ പറയുന്നത്. ഈ സംവിധായകരുടെ വരവോടെ മലയാള സിനിമാ മേഖല പുതിയൊരു തലത്തിലേയ്ക്ക് തിരിയുകയായിരുന്നു.

സൂപ്പര്‍സ്റ്റാറുകളില്ലാതെയും സിനിമ സൂപ്പര്‍ഹിറ്റാക്കാമെന്ന് തെളിയിച്ച സംവിധായകര്‍.., പുതു തലമുറക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കിയവര്‍…, മലയാള സിനിമയെ വേറെ തലത്തിലേയ്ക്ക് സഞ്ചരിപ്പിച്ചവര്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ അതെല്ലാം തന്നെ ദിലീപ് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണല്ലോ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം ദിലീപേട്ടന്‍ ഫാന്‍സ് നടത്തുന്ന അതിക്രമങ്ങള്‍ അതിരുവിടുന്നത്.

ഇവര്‍ മൂന്നു പേരും തെളിച്ച വഴിയേ മറ്റ് സംവിധായകര്‍ പോയപ്പോള്‍ ദിലീപിന്റെ ചാന്‍സ് അവിടെയെല്ലാം പോകുകയായിരുന്നു. ഇതിനിടയ്ക്ക് പല ദിലീപ് ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും അവയെല്ലാം തന്നെ വിജയിച്ചിരുന്നില്ല. ഒരു സാധാരണ ദിലീപ് ചിത്രം അത്ര തന്നെ എന്ന നിലയിലേയ്ക്ക് താഴ്ന്നു. കാലങ്ങള്‍ മാറിയതനുസരിച്ച് സിനിമയിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി. സിനിമയുടെ കഥ മാറി.., കഥാപാത്രങ്ങള്‍ മാറി…, കാഴ്ചപ്പാട് മാറി…, അങ്ങനെ ഒത്തിപി ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചതോടെ ദിലീപിന് അവിടെയും ചാന്‍സ് കിട്ടാതായി. കുറച്ച് ഫൈറ്റ് സീന്‍, കുറച്ച് റൊമാന്‍സ്, കുറച്ച് ഇമോഷണന്‍ സീനുകള്‍, കൂടുതല്‍ കോമഡി എന്നിവയായിരുന്നു ദിലീപ് ചിത്രങ്ങളുടെ ഫോര്‍മാറ്റ്. ഈ ഫോര്‍മാറ്റ് ഇവരുടെ വരവോടെ മാറിയപ്പോഴാണ് ദിലീപിന്റെ ഫോര്‍മാറ്റ് ആകെ തെറ്റിയത്.

അമല്‍ നീരദിന്റെ ആദ്യ സംവിധാന ചിത്രമായ, 2007 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബിഗ് ബി തിയേറ്ററുകളില്‍ വലിയ വിജയം ആയിരുന്നില്ല എങ്കിലും ഇന്ന ബിഗ് ബിയിലെ പല ഡയലോഗുകളും പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയെ കൂടാതെ ബാല, മനോജ് കെ ജയന്‍, മംമ്താ മോഹന്‍ദാസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയിരുന്നത്. ഇപ്പോള്‍ ഈ മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിലെ ഭീഷ്മ പര്‍വത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഭക്ഷണവും പ്രണയവും പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വേറിട്ട പ്രമേയവും വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 118 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം റൊമാന്റിക്ക് കോമഡി സിനിമ കൂടിയായിരുന്നു. ആഷിഖ് അബുവിന്റെ തന്നെ 22 ഫീമെയില്‍ കോട്ടയം, മായാനദി എന്നീ ചിത്രങ്ങള്‍ തന്നെ ഒരു നവതരംഗമാണ് മലയാള സിനിമയില്‍ സൃഷ്ടിച്ചത്. അതുപോലെ തന്നെ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമായ രാജമാണിക്യം ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. ചോട്ടാ മുംബൈ, പറവ, ട്രാന്‍സ്, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ ഉണ്ടാക്കിയ ഓളം ഇന്നും മലയാള സിനിമയില്‍ നിന്നും വിട്ട് പോയിട്ടില്ല.

Vijayasree Vijayasree :