‘മലയാളി മറന്ന മലയാളി’ യെക്കുറിച്ച് സിനിമ തയ്യാറാകുന്നു; സി ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു

ജഡ്ജിയെന്ന നിലയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി ശങ്കരന്‍ നായര്‍. എന്നാല്‍ ഇപ്പോഴിതാ സി ശങ്കരന്‍ നായരുടെ ജീവിതം സിനിമയാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി ശങ്കരന്‍ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെയോ മറ്റ് കാര്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

സര്‍ സി. ശങ്കരന്‍ നായരെ മലയാളി മറന്നുപോയ ഇടത്താണ് ദ കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍ എന്ന രഘു പാലാട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ടിന്റെയും പുസ്തകമെത്തുന്നത്. രഘു പാലാട്ടും പുഷ്പ പാലാട്ടും ആദ്യമായാണ് കൂട്ടായി ഒരു പുസ്തകത്തിന്റെ രചന നിര്‍വഹിക്കുന്നത്.

1919ലെ ജലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെത്തുടര്‍ന്ന് വൈസ്രോയിയുടെ എക്സിക്യുട്ടിവ് കൗണ്‍സിലില്‍നിന്ന് രാജിവെക്കുകയും സര്‍ പദവി വേണ്ടെന്ന് വെക്കുകയും ചെയ്തു. ജലിയന്‍ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ മൈക്കിള്‍ ഫ്രാന്‍സിസ് ഒ. ഡയറിനെതിരേയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരേയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിക്കുകയും ലോകശ്രദ്ധയില്‍ ജലിയന്‍വാലബാഗ് സംഭവത്തെ എത്തിക്കുകയും ചെയ്തു.

പിന്നീട് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് ഒ. ഡയറിനെ ആ സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു. അക്കാര്യം നടപ്പിലാവുകയും ചെയ്തു. അതിനുപിന്നില്‍ സര്‍ സി. ശങ്കരന്‍ നായരുടെ പോരാട്ടമായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുമ്പോഴും അവരുടെ ആജ്ഞാനുവര്‍ത്തിയാകാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന് രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണ് ശങ്കരന്‍ നായര്‍.

Vijayasree Vijayasree :