അവതാരകന്റെ അബന്ധം ട്രോളായതോടെ ഒരു താത്വിക അവലോകനത്തിന്റെ വാര്‍ത്തകള്‍ ബഹിഷ്‌കരിച്ച് ജനം ടിവി; കുറിപ്പുമായി അഖില്‍ മാരാര്‍

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ മാരാരും പങ്കെടുത്ത ജനം ടിവിയിലെ ചര്‍ച്ചയ്ക്കിടെ അവതാരകന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരുന്നു

ഇതോടെ അഖില്‍ മാരാറിന്റെ സിനിമ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് ജനം ടിവിയുടെ ഭീഷണിയുള്ളതായി അഖില്‍ പറയുന്നു. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസിബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പ്രിയപ്പെട്ട ജനം T V

ലക്ഷ ദ്വീപ് വിഷയത്തില്‍ എന്റെ നിലപാട് ചര്‍ച്ചയില്‍ പറയാന്‍ ആയിരുന്നു കഴിഞ്ഞ ദിവസം ഞാന്‍ എത്തിയത്… ഞാന്‍ പറഞ്ഞ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് അവതകാരന്‍ ശ്യാം കേള്‍ക്കാത്തത് കൊണ്ടോ എന്തോ അദ്ദേഹം ആ പേര് പറയുന്നതില്‍ നിന്നും എന്നെ വിലക്കി.

സ്വതവേ നര്‍മ്മ ബോധം കൂടുതലായ ഞാന്‍ രസകരമായ ഭാഷയില്‍ ലക്ഷ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് രമണന്‍ എന്നോ ഗോപാലന്‍ എന്നോ ആയിരുന്നെങ്കില്‍ അങ്ങനെ പറയാമായിരുന്നു എന്നും ദൗര്‍ഭാഗ്യവശാല്‍ ആ പേര് ഇങ്ങനെ ആയി പോയി എന്നും ഞാന്‍ പറഞ്ഞത് കേരളത്തില്‍ പലരും ഏറ്റെടുക്കുകയും രസകരമായ രീതിയില്‍ ധാരാളം ട്രോളുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..

എന്നാല്‍ അതിനുള്ള കാരണം ജനം TV പൃഥ്വി രാജിനെതിരെ നടത്തിയ മോശം പ്രസ്താവനയും അവതാരകാന് സംഭവിച്ച തെറ്റുമാണ് എന്നിരിക്കെ മറുപടി പറഞ്ഞ സംവിധായകന്റെ തെറ്റല്ല എന്ന് മനസിലാക്കാനുള്ള ബോധം ഇല്ലാതെ ഇനി മുതല്‍ എന്റെ സിനിമ ആയ താത്വിക അവലോകനത്തിന് യാതൊരു വിധത്തിലുള്ള പിന്തുണയും നല്‍കില്ല എന്ന് പറഞ്ഞു സിനിമ രീതി ശെരിയായില്ല.

തീര്‍ച്ചയായും എല്ലാവരുടെയും പിന്തുണയും സഹകരണവും സിനിമയ്ക്ക് ഉണ്ടാവണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്.. അത് കേവലം നിങ്ങളുടെ തെറ്റിന് എന്നെ ക്രൂശിച്ചു കൊണ്ടാവരുത്. കഴിഞ്ഞ ദിവസം ജനം ചാനല്‍ ഇങ്ങനൊരു തീരുമാനം എടുത്തു എന്ന് പറഞ്ഞു ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ചിരുന്നു. എന്നോട് മാത്രമല്ല അത് ചിത്രത്തിന്റെ സംഗീത സംവിധായകനോടും അവര്‍ പറഞ്ഞു എന്ന് പറഞ്ഞു സിനിമയുടെ ഗ്രൂപ്പില്‍ ഒരു മെസ്സേജ് വന്നിരുന്നു.

ജനാധിപത്യ ബോധമുള്ള ഒരു ചാനല്‍ ഇപ്രകാരം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ചില സ്ഥാപിത താത്പര്യക്കാര്‍ ഇടപെട്ടെങ്കില്‍ അത് ചാനലിന്റെ ഔദ്യോഗിക വ്യക്തികള്‍ ഇടപെട്ട് തിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

NB: സിനിമയ്ക്കും എനിക്കും അടുത്ത കാലത്ത് ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത ശ്രദ്ധ നിലവില്‍ കിട്ടിയിട്ടുണ്ട് എന്ന് കമന്റില്‍ വിവരക്കേട് പറയാന്‍ ആഗ്രഹിക്കുന്ന സഹൃദയങ്ങളോട് പറയുന്നു.

Vijayasree Vijayasree :