‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു’; തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നു, കുറേ നാള്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വന്നെന്ന് സലിംകുമാര്‍

തന്റെ അഭിപ്രായങ്ങള്‍ എപ്പോഴും തുറന്നു പറയാറുള്ള താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ യാദൃശ്ചികമായി തനിക്കെതിരെ വന്ന ഒരു പോലീസ് കേസിനെ പറ്റിയും തന്നെ അറസ്റ്റു ചെയ്തതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ സലീം കുമാര്‍. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ് വാറണ്ട് വന്നതെന്നും ഇതിന്റെ പേരില്‍ തനിക്ക് ഏറെക്കാലം കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലിംകുമാര്‍ ഇതേ കുറിച്ച് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ ജയന്‍ എന്ന എന്റെ സുഹൃത്ത് വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റില്‍ കൃഷ്ണന്‍ കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു.

എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് ഞാന്‍ ‘ഉള്ളാടന്‍’ എന്നാണ് പറയേണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെത്തേടി പൊലീസുകാര്‍ വന്നു. അറസ്റ്റ് വാറന്റുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഉള്ളാടന്‍ മഹാസഭ കേസ് കൊടുത്തിരിക്കുകയാണ്. പണ്ട് ഞാന്‍ ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ എന്ന് പറഞ്ഞതിനാണ് കേസ്.

മണിയും സജീവും ഉള്ളാടന്‍ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല. പക്ഷേ എനിക്കെതിരെ കേസ് വന്നു. അവര്‍ പറയുന്നത് ദളിതര്‍ക്ക് ദളിതരുടെ ജാതി പറയാം. ഞാന്‍ ഈഴവനായതുകൊണ്ട് പറയാന്‍ പാടില്ല എന്നാണ്. നിരന്തരം കോടതി കയറി ഇറങ്ങാന്‍ തുടങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി. ഒരു രക്ഷയുമില്ല. പിന്നീട് ആ കേസ് തള്ളിപ്പോയി എന്നും സലിം കുമാര്‍ പറഞ്ഞു

Vijayasree Vijayasree :