‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സും ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടം ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തില്‍ ഒക്കെ നോക്കെഡെയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.
”ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു. കൊല്ലരുത്” എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ദ പ്രീസ്റ്റില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് വളരെ കംഫര്‍ട്ടബിള്‍ ആണ് ഇനിയും ഒപ്പം അഭിനയിക്കണം എന്നാണ് നിഖില മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഗംഭീര സ്വീകരണമാണ് ദ പ്രീസ്റ്റിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.
ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.
മഞ്ജു വാര്യരുടെ ക്യാരക്റ്റര്‍ ചെറുതാണെങ്കിലും സിനിമയ്ക്കും കഥാപാത്രത്തിനും മഞ്ജു നല്‍കുന്ന ഇമ്പാക്റ്റ് ചെറുതല്ല. കാസ്റ്റിങ് ഗംഭീരം. അത് മനസിലാക്കി റോള്‍ സ്വീകരിച്ച മഞ്ജുവിന്റെ സെന്‍സും അതിഗംഭീരം.. മമ്മൂട്ടിയും മഞ്ജുവാര്യരും ഉള്ള ഒരു സിനിമയില്‍ അവരെ രണ്ടുപേരെയും മറികടക്കുന്ന പെര്‍ഫോമന്‍സ് ബേബി മോണിക്കയുടേത് ആണ്. ആ വേഷം മോശമായാല്‍ അത് ചിത്രത്തെ തന്നെ ബാധിക്കുമായിരുന്നു. എന്നാല്‍ ഒരു ബാലതാരത്തെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന ‘അമേയ’യായി ബേബി മോണിക്ക മികച്ച പ്രകടനം തന്നെ കാഴിചവെച്ചു. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, വെങ്കടേശ്, ശിവദാസ് എന്നിവര്‍ക്കും നല്ല റോളുകള്‍ ആണ്.