അദ്ദേഹത്തിന്റെ ആവശ്യം കേട്ട് സ്തംഭിച്ച് നിന്നു പോയി, മറുപടി ഒന്നും പറയാന്‍ സാധിച്ചില്ല

ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്‍. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ ലോകത്തിലേയ്ക്ക് എത്തിയ താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. അമരം എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭരതന്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമായിരുന്നു അമരം. അമരത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നേരിട്ട ടെന്‍ഷനെപ്പറ്റിയും അമരം സിനിമ നല്‍കിയ നേട്ടങ്ങളും പറയുകയാണ് അശോകന്‍. അമരത്തിലെ രാഘവന്‍ എന്ന കഥാപാത്രം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും നടന്‍ എന്ന നിലയിലുള്ള ആത്മാര്‍ഥതയും ആത്മബലവുമാണ് ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ മുതല്‍ക്കൂട്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന സമയം. അപ്രതീക്ഷിതമായി ഒരു കോള്‍ വരുന്നു. ഭരതന്‍ സര്‍ ആയിരുന്നു. ആലപ്പുഴയിലേക്ക് എത്താന്‍ പറയുന്നു. പിറ്റേ ദിവസം തന്നെ അവിടേയ്ക്ക് എത്തുന്നു. കഥയെപ്പറ്റിയും അഭിനയിക്കുന്ന മറ്റു താരങ്ങളെപ്പറ്റിയും പറഞ്ഞു. അഭിനയിക്കേണ്ട കഥാപാത്രത്തെ പറ്റിയും പറഞ്ഞു. ഹീറോയ്ക്ക് തുല്ല്യമായ വേഷം തന്നെയാണെന്നും അദ്ദേഹം ധൈര്യപ്പെടുത്തി. രാഘവന്‍ എന്ന കഥാപാത്രത്തെയായിരുന്നു. ഇടയ്ക്ക് ഭരതന്‍ സര്‍ നീന്താന്‍ അറിയാമോ എന്ന് ചോദിച്ചു. കുളത്തിലൊക്കെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞു. കടലില്‍ നീന്തണമെന്ന് അദ്ദേഹം. ആദ്യമൊന്ന് ഞെട്ടി. നീന്താന്‍ റെഡിയാണെന്ന് അറിയിച്ചു എന്നും അശോകന്‍ പറഞ്ഞു.

‘രാഘവന്‍ വളരെ കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമാണെന്നും ആ കഥാപാത്രം മികച്ചുനിന്നില്ലെങ്കില്‍ സിനിമയെ മുഴുവന്‍ ബാധിക്കുമെന്നും ഭരതന്‍ സര്‍ ഓര്‍മിപ്പിച്ചു. അതിനു ശേഷം ഭരതന്‍ സര്‍ ചോദിച്ചു, നിനക്കിത് ചെയ്യാന്‍ പറ്റുമോയെന്ന്. അന്നേരം ഞാനാകെ സ്തംഭിച്ചുപോയി. എനിക്ക് മറുപടിയില്ലായിരുന്നു.

ചെയ്താല്‍ ശരിയാകുമോ എന്നെല്ലാം ഓര്‍ത്ത് ടെന്‍ഷനായി. തിരിച്ച് എറണാകുളത്തേക്ക് തന്നെ പോയാലോ എന്നുവരെ ആലോചിച്ചു. നടന്‍ എന്ന നിലയില്‍ നമ്മുടെ തൊഴിലിനെ അത് ബാധിക്കുമെന്നും ആ തീരുമാനം ശരിയല്ലെന്നും പിന്നീട് തിരിച്ചറിഞ്ഞു. ശക്തിയെല്ലാം സംഭരിച്ച് ഞാന്‍ ചെയ്യാമെന്നേറ്റു. പിറ്റേന്ന് ഷൂട്ടിങ്ങും ആരംഭിച്ചു.”

കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യുന്ന ഓരോ നിമിഷത്തിലും ടെന്‍ഷന്‍ അനുഭവിച്ചതായും അദ്ദേഹം പറയുന്നു. റീടേക്കുകള്‍ വരുന്നതും ഷോട്ട് വീണ്ടും നന്നാക്കേണ്ടി വരുന്നതും അഭിനയിക്കാനുള്ള മൂഡ് ഉണ്ടാക്കേണ്ടതുമെല്ലാം വലിയ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. അമരത്തിന്റെ വിജയം അണിയറപ്രവര്‍കരിലെല്ലാം വലിയ സന്തോഷമാണ് ഉണ്ടാക്കിയതെന്നും അശോകന്‍ പറഞ്ഞു. ടെലിവിഷന്‍ പരമ്പകളിലും സജീവമായ അശോകന്‍ അഭിനേതാവിന് അപ്പുറം നല്ലൊരു ഗായകന്‍ കൂടിയാണ്.

Vijayasree Vijayasree :