‘ആ ചിത്രം ചെയ്യണോ എന്ന് ഒരുപാട് തവണ ആലോചിച്ചു’, അവസാനം ജയം രവിയുടെ അമ്മയായി; രണ്ടാം വരവിനെ കുറിച്ച് നദിയാ മൊയ്തു

തെന്നിന്ത്യന്‍ സിനിമാ ലോകം ‘ആയിരം കണ്ണുമായി കാത്തിരുന്ന’ താരമായിരുന്നു നദിയാ മൊയ്തു. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ നദിയാ മൊയ്തുവിനെ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുക നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളിയായി ആയിരിക്കും.
ഫാസില്‍ ചിത്രമായ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലൂടെയാണ് നദിയ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തുടര്‍ന്ന് താരം നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരം, സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും പ്രാധാന്യമുളള കഥാപാത്രങ്ങളായും എത്തിയിരുന്നു. ഒടുവില്‍ മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് നടി അഭിനയിച്ചത്.

അതേസമയം, തമിഴില്‍ നദിയാ മൊയ്തുവിന്റതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’. വിവാഹത്തോടെ സിനിമയില്‍ നിന്നും അവധി എടുത്ത നടിയുടെ രണ്ടാം വരവ് ആയിരുന്നു എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി. ഇതിലേയ്ക്ക് വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നദിയാ മൊയ്തു.

‘മകളുടെ സ്‌കൂള്‍ അവധിക്ക് ഞാന്‍ ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലെത്തിയപ്പോഴാണ് എനിക്ക് ഒരു കോള്‍ വരുന്നത്. തെലുങ്കില്‍ നിന്ന് റീമേക്ക് ചെയ്യുന്ന ഒരു തമിഴ് സിനിമയുടെ ഓഫര്‍. സിനിമയില്‍ തിരിച്ചുവരണമെന്ന ചിന്ത മനസ്സില്‍ കൊണ്ട് നടന്നില്ലെങ്കിലും ചില കഥകള്‍ ഞാന്‍ ഇടയ്ക്ക് കേട്ടിരുന്നു’ എന്നും നദിയാ മൊയ്തു പറയുന്നു. പക്ഷേ എനിക്കത് ഇഷ്ടമായില്ല. ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് പെട്ടെന്ന് നോ പറയാന്‍ കഴിഞ്ഞില്ല. ആലോചിച്ചിട്ട് തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. തിരിച്ചു വരവില്‍ അത്രയും വലിയ മകന്റെ അമ്മയായി അഭിനയിക്കണോ ഓക്കെ പറയണോ എന്നൊക്കെ ആദ്യം ചിന്തിച്ചു. പിന്നീട് ആലോചിച്ചപ്പോള്‍ ഇത്തരമൊരു പോസിറ്റീവ് എനര്‍ജിയുളള സ്ത്രീ കഥാപാത്രം വിട്ടുകളയരുതെന്ന് തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതും സിനിമയിലേക്കുളള രണ്ടാം വരവ് സംഭവിക്കുന്നതും എന്ന് അഭിമുഖത്തില്‍ നദിയാ മൊയ്തു പറഞ്ഞു

തെലുങ്ക് ചിത്രത്തിന്റെ റീമേക്കായി ഒരുക്കിയ സിനിമ തിയേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. എം രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയം രവിയാണ് നായകവേഷത്തില്‍ എത്തിയത്. മലയാളി താരമായ അസിന്‍ ആയിരുന്നു ചിത്രത്തില്‍ നായിക. സിനിമയില്‍ ജയം രവിയുടെ അമ്മ വേഷത്തില്‍ എത്തിയ നദിയാ മൊയ്തു ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്.

Vijayasree Vijayasree :