‘മലയാളത്തിന്റെ മരുമകള്‍’ ആകാന്‍ മൗനി റോയ്; വരന്‍ സൂരജ് നമ്പ്യാര്‍

ബോളിവുഡ് സീരിയല്‍-സിനിമാ താരം മൗനി റോയ് വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ദുബായിലെ ബാങ്കറായ സൂരജ് നമ്പ്യാറാണ് വരനെന്നാണ് വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു മൗനി. ഈ സമയത്താണ് സൂരജുമായി പരിചയത്തിലാകുന്നതും വിവാഹത്തിലേയ്ക്ക് എത്തുന്നതും. സൂരജിന്റെ കുടുംബവുമായി മൗനിയ്ക്ക് വളരെ അടുത്ത ബന്ധമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് താരമോ കുടുംബമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വരുണ്‍ ധവാന്‍-നദാഷ ധലാല്‍ വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് മറ്റൊരു താരവിവാഹം കൂടെ എത്തിയിരിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍.

ടെലിവിഷനിലൂടെയാണ് മൗനി ശ്രദ്ധ നേടുന്നത്. നാഗിന്‍ എന്ന പരമ്പരയാണ് മൗനിയെ താരമാക്കുന്നത്. ഈ പരമ്പര മൊഴിമാറ്റി നാഗകന്യക എന്ന പേരില്‍ മലയാളത്തിലുമെത്തിയിരുന്നു. മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്ന കൈലാസനാഥന്‍ എന്ന പരമ്പരയിലെ സതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൗനി.

കഴിഞ്ഞ ലോക്ക് ഡൗണ്‍ മുഴുവന്‍ ദുബായിയിലെ തന്റെ സഹോദരിയുടെ വീട്ടിലാണ് താരം ചിലവഴിച്ചത്. ‘ദെവോം കാ ദേവ് മഹാദേവ്’ , ജുനൂന്‍ തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം, ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരിയലിലൂടെയാണ് താര പദവിയിലേക്കെത്തുന്നത്. അക്ഷയ് കുമാര്‍ നായകനായെത്തിയ ഗോള്‍ഡ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. കെ ജി എഫ് ന്റെ ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന് തുടങ്ങുന്ന ഐറ്റം ഗാനത്തിലും വേഷമിട്ടിട്ടുണ്ട്. പ്പോള്‍ സിനിമയില്‍ സജീവമാണ് മൗനി. ഗോള്‍ഡ്, റോ, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബ്രഹ്മാസ്ത്രയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

newsdesk :