കാലിൽ സർജറി, എണീറ്റ് ഒന്ന് നടക്കാൻ പോലുമാകാതെ മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.. ഫിസിയോതെറാപ്പി നടക്കുകയാണ്.. അപകടത്തെ കുറിച്ച് ആസിഫ് അലി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നായകനായി ആസിഫ് തിളങ്ങി. വലിയൊരു കൂട്ടം ആരാധകരും ആസിഫിന് ഇന്ന് സ്വന്തമാണ്. അടുത്തിടെ നടന് ഒരു അപകടം സംഭവിച്ചിരുന്നു. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇത്. ഇപ്പോഴിതാ തന്റെ ആ​രോ​ഗ്യത്തെ കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയാണ് താരം. ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയിൽ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകൾ ചെയ്യുന്നുണ്ട്. നിലവിൽ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകൾക്ക് ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്”, എന്നാണ് ആസിഫ് അലി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടൻ.

2023 നവംബർ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കാൽ മുട്ടിന് താഴെ പരിക്കേൽക്കുക ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. അതേസമയം, ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫിന്റേതായി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി സിനിമയ്ക്ക് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗ്ലോയില്‍ നടന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലിന്റേതാണ് തിരക്കഥ. അനശ്വര രാജൻ നായികയായെത്തുന്ന ചിത്രത്തിൽ നിരൂപകശ്രദ്ധ നേടിയ ആട്ടം സിനിമയിലെ നായിക സറിൻ ഷിഹാബും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

Merlin Antony :