ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ല, നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ താലിബാന്‍ മോഡലിലുള്ള ഭീകരനീക്കമാണ് ആര്‍എസ്എസ് രാജ്യത്ത് നടത്തുന്നത്

ഹിന്ദു-മുസ്ലീം പ്രണയം ഉണ്ടെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് തടഞ്ഞ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി പുരോഗമന കലാസാഹിത്യ സംഘം.

പാലക്കാട് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് സമീപം നടന്നു കൊണ്ടിരുന്ന ‘നീയാംനദി’ എന്ന സിനിമയുടെ ചിത്രീകരണം ഒരുസംഘം ആളുകള്‍ എത്തി തടഞ്ഞിരുന്നു. സെറ്റിലെത്തി സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍, സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ജനാധിപത്യകേരളത്തില്‍ ആര്‍.എസ്.എസിന്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും, സിനിമ തടയുന്ന ആര്‍.എസ്.എസ്. ഭീകരത ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ട് ഷാജി എന്‍.കരുണ്‍, ജനറല്‍ സെക്രട്ടറി, അശോകന്‍ ചരുവില്‍ എന്നിവരുടെ പേരിലുള്ള പ്രസ്താവനയില്‍ പറയുന്നു.

പുരോഗമനകലാസാഹിത്യ സംഘത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആര്‍.എസ്.എസ്. ക്രിമിനലുകളുടെ നടപടിയില്‍ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ‘നിയാംനദി’ എന്ന സിനിമയുടെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആര്‍.എസ്.എസുകാര്‍ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങള്‍ അവര്‍ നശിപ്പിച്ചു. സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.

കേന്ദ്രത്തില്‍ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ അഫ്ഘാനിസ്ഥാനിലെ താലിബാന്‍ മോഡലിലുള്ള ഭീകരനീക്കമാണ് ആര്‍.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുന്‍കൂര്‍ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.

എന്തായാലും ജനാധിപത്യകേരളത്തില്‍ ആര്‍.എസ്.എസിന്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ല. സിനിമ തടയുന്ന ആര്‍.എസ്.എസ്. ഭീകരത ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.
കടമ്പഴിപ്പുറത്തെ സംഭവത്തില്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഷാജി എന്‍.കരുണ്‍
(പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍
(ജനറല്‍ സെക്രട്ടറി)

Vijayasree Vijayasree :