സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോഴാണ് തന്നെ ചവറയില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചെന്ന് അറിയുന്നത്; വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ

അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടു പോകാനാണ് തന്റെ തീരുമാനമെന്ന് നടന്‍ വിവേക് ഗോപന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ ഒരുങ്ങുകയാണ് വിവേക് ഗോപന്‍.

സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോഴാണ് തന്നെ ചവറയില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചെന്ന് അറിയുന്നത്. ആ സമയത്ത് താന്‍ ഷൂട്ടിലായിരുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണ് എന്നായിരുന്നു വിവേക് ഗോപന്‍ പ്രതികരിച്ചിരുന്നത്.

ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരും, അഭിനയവും കൂടെ കൊണ്ടുപോകും. ഷൂട്ടിംഗ് ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നിന്നാണ് മണ്ഡലത്തിലേക്ക് എത്തിയത്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം.

ശരിയായ വികസനം എന്താണെന്ന് ചവറയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള അവസരമാണിത് എന്നാണ് വിവേക് ഗോപന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സിനിമ-സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ പരസ്പരം എന്ന സീരിയയിലൂടെയാണ് ശ്രദ്ധേയനായത്.

Vijayasree Vijayasree :