നാട്ടില്‍ തന്റെ അച്ഛനെ എല്ലാവരും ജാതിപ്പേരാണ് വിളിക്കാറുള്ളത്; നമ്മള്‍ തകരാതിരുന്നാല്‍ മതിയെന്ന് സലിംകുമാര്‍

എവിടെയും വ്യക്തമായ നിലപാട് എടുക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്ന താരമാണ് സലിംകുമാര്‍. ഇപ്പോഴിതാ തന്റെ നാട്ടില്‍ എല്ലാവരും ജാതിപ്പേരാണ് വിളിക്കുന്നതെന്നും എന്നാല്‍ അതാരെയും കളിയാക്കാന്‍ വേണ്ടിയല്ലെന്നും പറയുകയാണ് സലീം കുമാര്‍. ഒരു അഭിമുഖത്തിലായിരുന്നു സലീം കുമാര്‍ ഇതേകുറിച്ച് പറഞ്ഞത്.

തന്റെ അച്ഛന്‍ ഗംഗാധരനെ, നാടായ ചിറ്റാറ്റുകരയില്‍ ഗംഗാധരന്‍ ചൊവ്വന്‍ എന്ന് വിളിക്കാറുണ്ടെന്നും കൂടാതെ അരവിന്ദന്‍ അരയനെന്നും വടുക മാപ്ലയെന്നും കാഞ്ചന്‍ പുലയനെന്നും പൊതുവില്‍ ആളുകളെ വിളിക്കാറുണ്ടെന്നും സലീം കുമാര്‍ പറയുന്നു. ആ പേരുകളെല്ലാം ബഹുമാനപൂര്‍വ്വമാണ് വിളിക്കുന്നത്. അല്ലാതെ അവരെ കളിയാക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല.

എന്നോട് നാട്ടുകാര് ചോദിക്കുക നീ ഗംഗാധര ചൊവ്വന്റെ മോനല്ലേടാ എന്നാണ്. അതെ എന്ന് ഞാന്‍ അഭിമാനത്തോടെയാണ് പറയുന്നത്. ഇതിനൊരു മറുവശമുണ്ട്. ഉയര്‍ന്ന ജാതിയിലുള്ളവര്‍ നായന്മാര്‍ നമ്പൂരിമാരൊക്കെ പുലയരെ ജാതിപ്പേര് വിളിക്കുന്നത് തകര്‍ക്കാന്‍ തന്നെയാണ്. അതില്‍ നമ്മള്‍ തകരാതിരുന്നാല്‍ മതി. ചില രാഷ്ട്രീയക്കാര്‍ ഇന്നും അത് ഉപയോഗിക്കുന്നുണ്ട്,’എന്നും സലീം കുമാര്‍ പറഞ്ഞു.

തന്റെ ചെറുപ്പകാല ജീവിതം ഏറെ രസകരമായിരുന്നുവെന്നും സലീംകുമാര്‍ പറയുന്നു. ഓരോ ജാതിക്കാര്‍ക്കും ഓരോരോ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു എഴുന്നള്ളത്ത് പോവുക മറ്റൊരു ജാതിയുടെ അമ്പലത്തില്‍ നിന്നുമായിരിക്കുമെന്നും പരസ്പരം പോകുന്നതിനും വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊന്നും അക്കാലത്ത് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :