പുതുവര്‍ഷത്തില്‍ പ്രേക്ഷകരെ കണ്‍ഫ്യൂഷനാക്കാന്‍ ഒരു ഡസന്‍ ചിത്രങ്ങള്‍… ഏത് കാണണമെന്ന് ഇപ്പോള്‍ തീരുമാനിച്ചോളൂ!

സൂപ്പർ താരം സ്റ്റൈൽ മന്നൻ രജനികാന്തും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും വീണ്ടും ഒന്നിക്കുന്ന ദർബാർ, സൂപ്പർ മെഗാതാരങ്ങളായ മമ്മൂട്ടിയുടെ ഷൈലോക്കും, മോഹൻലാലിന്റെ ബിഗ് ബ്രദർ, യുവതാരം പൃഥ്വിരാജും ബിജുമേനോനും ടൈറ്റിൽ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അയ്യപ്പനും കോശിയും… പുതുവർഷത്തിൽ ബോക്സാഫീസിനെ കിടിലം കൊള്ളി ക്കാനൊരുങ്ങുന്നത് ഒരു ഡസനോളം ചിത്രങ്ങളാണ്.

പൊങ്കലിന് പൊലിമയേകാനെത്തുന്നത് പൊൻതാരം രജനികാന്ത്. ഹിറ്റ് മേക്കർ എ. ആർ. മുരുകദാസിനൊപ്പം രജനികാന്ത് ഒത്തുചേരുന്ന ദർബാറിൽ താരം അവതരിപ്പിക്കുന്നത് മാസ് പൊലീസ് വേഷം. നായികയായി നയൻതാര. കാമറയ്ക്ക് പിന്നിൽ സന്തോഷ് ശിവൻ. സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ എന്ന തമിഴകത്തിന്റെ റോക്ക് സ്റ്റാർ. വിസ്മയങ്ങളുടെ വെടിക്കെട്ടിനിപ്പുറം മറ്റൊന്നും ദർബാറിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല.

ലൈകാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്‌ക്കരൻ നിർമ്മിക്കുന്ന ദർബാറിൽ രജനിക്ക് വില്ലനായെത്തുന്നത് ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ്. മലയാളി താരം നിവേദാ തോമസും താരനിരയിലുണ്ട്.ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസും എസ്. ക്യൂബ് ഫിലിംസും ചേർന്നാണ് ദർബാർ കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ മാത്രം മുന്നൂറോളം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.മുപ്പത്തിരണ്ട് കോടി ബഡ്ജറ്റിൽ മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദറാണ് പുതുവർഷത്തിന്റെ ‘മെഗാ” പ്രതീക്ഷകളിൽ മറ്റൊന്ന്.

എസ്. ടാക്കീസും ഷാമാൻ ഇന്റർനാഷണലും വൈശാഖ സിനിമയും കാർണിവൽ മോഷൻ പിക്‌ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബ്രദറിലെ സച്ചി എന്ന സച്ചിദാനന്ദൻ മോഹൻലാലിന്റെ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു മാസ് അവതാരമായിരിക്കുമെന്നാണ് സൂചന. ബോളിവുഡ്താരം അർബാസ് ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സിദ്ദിഖ്, സർജാനോ ഖാലിദ്, ടിനി ടോം, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ജനാർദ്ദനൻ, ഇർഷാദ്, ദേവൻ, ദിനേശ് പണിക്കർ, ഹണി റോസ്, മിർണാ മേനോൻ, ഗാഥ തുടങ്ങിയവരും വേഷമിടുന്നുണ്ട്. കാമറ ചലിപ്പിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്.സംഗീതം : ദീപക്ക് ദേവ്.

എസ്. ടാക്കീസും കാർണിവൽ മൂവീ നെറ്റ്‌‌വർക്കും ചേർന്ന് ജനുവരി 16ന് ബിഗ് ബ്രദർ തിയേറ്ററുകളിലെത്തിക്കും. കേരളത്തിൽ ഇരുന്നൂറ്റി അമ്പതോളം തിയേറ്ററുകളിൽ റിലീസുണ്ടാകും.സിനിമാ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് നല്കുന്ന ബോസ് എന്ന കൊള്ളപ്പലിശക്കാരനായി മമ്മൂട്ടി അവതരിക്കുന്ന മാസ് ചിത്രം ഷൈലോക്ക് ജനുവരി 23നാണ് റിലീസ് ചെയ്യുക.ആരാധകരും സിനിമാപ്രേമികളും ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമൊരുക്കുന്നത് സംവിധായകൻ അജയ് വാസുദേവാണ്. നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് അനൽ അരശ്, രാജശേഖർ, പി. സി. സ്റ്റണ്ട് സിൽവ, മാഫിയ ശശി എന്നീ അഞ്ച് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ്. സംഗീതം: ഗോപിസുന്ദർ, കാമറ: രണദിവെ. തമിഴ് താരം രാജ് കിരൺ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്, ഹരീഷ് കണാരൻ,ബൈജു സന്തോഷ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

ഗുഡ്വിൽ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഷൈലോക്ക് കേരളത്തിൽ ഇരുന്നൂറ്റി അമ്പതോളം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി, നേഹാ സക്‌സേന, ധർമ്മജൻ ബോൾഗാട്ടി, ഇന്നസെന്റ്, സാബുമോൻ, ഷാലിൻ സോയ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ഒമർ ലുലുവിന്റെ ധമാക്കയാണ് പുതുവർഷത്തിലെ ആദ്യ റിലീസ്. ഗുഡ്‌ലൈൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിക്കുന്ന ഈ കോമഡി എന്റർടെയ്‌‌നർ തിയേറ്ററുകളിലെത്തും.

കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അഞ്ചാം പാതിര ജനുവരി 10ന് റിലീസ് ചെയ്യും. ആഷിക്ക്ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.
അജയ് ദേവ്‌ഗൺ, കജോൾ, സെയ്‌ഫ് അലിഖാൻ, ജഗപതി ബാബു തുടങ്ങിയവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന തൻഹാജിദ, അൺ സംഗ് വാരിയറാണ് ജനുവരി പത്തിലെ മറ്റൊരു റിലീസ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ പീര്യഡ് ഡ്രാമ നിർമ്മിക്കുന്നത് അജയ് ദേവ്ഗൺ ഫിലിംസും ടി. സീരീസും ചേർന്നാണ്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌നാ ഗുൽസാർ സംവിധാനം ചെയ്യുന്ന ചപ്പാക്ക് എന്ന ചിത്രവും ഡിസംബർ 10ന് തിയേറ്ററുകളിലെത്തും. ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്ന് ദീപികാ പദുകോണും മേഘ്‌നാ ഗുൽസാറുമാണ്.

നമിതാ പ്രമോദിനെയും മിയയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന അൽ മല്ലു ജനുവരി 12ന് റിലീസാകും. പൂർണമായും വിദേശത്ത്ചിത്രീകരിച്ച ഈ കോമഡി ഡ്രാമയിൽ സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും വേഷമിടുന്നുണ്ട്. അല്ലു അർജുനും ജയറാമും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അല വൈകുണ്ഠ പുരമുലോ എന്ന തെലുങ്ക്ചിത്രത്തിന്റെ മലയാളം പതിപ്പായ അങ്ങ് വൈകുണ്ഡപുരത്താണ് ജനുവരി 12ലെ മറ്റൊരു മേജർ റിലീസ്. ഖാദർ ഹസന്റെ രഥക് ആർട്സ് കേരളത്തിലെത്തിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രമാണ്.

ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി അല്ലു അർജുൻ ജനുവരി രണ്ടാം വാരം കേരളത്തിലെത്തും.കൊടിക്ക് ശേഷം ധനുഷിനെ നായകനാക്കി ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന പട്ടാസ് തമിഴ്‌നാടിനോടൊപ്പം കേരളത്തിലും ജനുവരി 16ന് പ്രദർശനത്തിനെത്തും.മെർ ഹീൻ പിർസാഡ നായികയാകുന്ന ചിത്രത്തിൽ സ്നേഹ, നാസർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സത്യജ്യോതി ഫിലിംസാണ്പട്ടാസിന്റെ നിർമ്മാതാക്കൾ.വിസ്മൃതിയിലാണ്ടുപോയ പഴയൊരു കബഡി താരം കുടുംബ ജീവിതത്തിൽ നിന്ന് വീണ്ടും കായിക രംഗത്തേക്ക് മടങ്ങിവരാനായി നടത്തുന്ന കഠിന പ്രയത്നങ്ങളുടെ കഥ പറയുന്ന കങ്കണ റണൗട്ട് ചിത്രം പങ്കാ ജനുവരി 24ന് തിയേറ്ററുകളിലെത്തും.

അശ്വനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നീനാഗുപ്ത ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുന്നുണ്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് നിർമ്മാതാക്കൾ.വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭുദേവ, തുടങ്ങിയ വൻ താരനിരയെ അണിനിരത്തി റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ഡാൻസർ എന്ന ബോളിവുഡ് ത്രീഡി ചിത്രവും ജനുവരി 24ന് തിയേറ്ററുകളിലെത്തും.ഡിസ്‌നി നിർമ്മാണ പങ്കാളിയായിരുന്ന എ.ബി.സി.ഡിയുടെരണ്ടാം ഭാഗമായി ചിത്രീകരണമാരംഭിച്ച ചിത്രം ഇന്ത്യൻ സിനിമാ നിർമ്മാണ രംഗത്ത് നിന്നുള്ള ഡിസ്‌നിയുടെ പിന്മാറ്റത്തെ തുടർന്ന് പേര് മാറ്റുകയായിരുന്നു.

ഭൂഷണം കുമാർ, ദിവ്യബോസ്‌ലകുമാർ, കൃഷൻകുമാർ, ലിസ്‌ലി ഡിസൂസ എ ന്നിവർ ചേർന്നാണ് സ്ട്രീറ്റ് ഡാൻസർ – ത്രീഡി നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ജനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറായ മറിയം വന്ന് വിളക്കൂതി ജനുവരി 30 ന് പ്രദർശനത്തിനെത്തും.സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരിഷ് വർമ്മ തുടങ്ങിയ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എ.ആർ. കെ. മീഡിയയും രാഗം മൂവീസും ചേർന്നാണ്. അനാർക്കലിയുടെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജിനെയും ബിജുമേനോനെയും നായകന്മാരാക്കി സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പനും കോശിയും ജനുവരി 30ന് തിയേറ്ററുകളിലെത്തും.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത്, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, ഷാജു ശ്രീധർ, അന്നരാജൻ, ഗൗരി നന്ദ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

malayalam new movie 2020

Noora T Noora T :