‘കണ്ടതെല്ലാം പൊയ്… കാണപ്പോവത് നിജം’; ചരിത്രത്തിലാദ്യമായി മലയാളസിനിമ 1000 കോടി ക്ലബിലേയ്ക്ക്!

ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുകയാണ് മോളിവുഡ്. ഈ മാസം മമ്മൂട്ടിയുടെ ടര്‍ബോ, പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും.

ഇന്ത്യന്‍സിനിമയില്‍ 2024ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. ഇക്കൊല്ലം ആറുമാസംകൊണ്ട് ഇതിന്റെ ഇരട്ടിനേടാനായി.

വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. കേരളത്തിനുപുറത്തും കാഴ്ചക്കാര്‍ വര്‍ധിച്ചതോടെയാണ് മലയാളസിനിമ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്. അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തില്‍ നല്ലൊരുപങ്കും കേരളത്തിന് വെളിയില്‍നിന്നാണ്.

100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ ‘മഞ്ഞുമ്മല്‍ബോയ്‌സ്’ തമിഴ്‌നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി.

പ്രേമലു, ഭ്രമയുഗം, ആടുജീവിതം എന്നിവയും ഇതരഭാഷകളില്‍ വിജയമായി. മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമ ‘ടര്‍ബോ’ മേയ് 23നും പൃഥ്വിരാജും ബേസില്‍ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂരമ്പലനടയില്‍’ മേയ് 16നുമാണ് തിയേറ്ററുകളിലെത്തുന്നത്.

നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നുള്ള അനൗദ്യോഗിക കണക്ക് ഇപ്രകാരമാണ്;

മഞ്ഞുമ്മല്‍ ബോയ്‌സ് 250 കോടി

ആവേശം 190 കോടി

ആടുജീവിതം 175 കോടി

പ്രേമലു 160 കോടി

ഭ്രമയുഗം 75 കോടി

വര്‍ഷങ്ങള്‍ക്കുശേഷം 50 കോടി

അന്വേഷിപ്പിന്‍ കണ്ടെത്തും 40 കോടി

എബ്രഹാം ഓസ്‌ലര്‍ 30 കോടി

Vijayasree Vijayasree :