ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറിൽ പാൽപാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്… പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് വഴി വരണേ; മഞ്ജുവിനെ തേടിയെത്തിയ കത്ത് കണ്ടോ?

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യർ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്. കാക്കനാട് ആർടി ഓഫീസിൽ നിന്നാണ് മഞ്ജു ടൂവീലർ ലൈസൻസ് കരസ്ഥമാക്കിയത്. സമൂഹമാധ്യമങ്ങളിൽ ആരാധകർ മഞ്ജുവിന് ആശംസയറിയിക്കുന്നുണ്ട്. ലൈസൻസെടുത്തതിന് പിന്നാലെ രസകരമായ ഒരു കത്തും മഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്.

ബൈക്കോടിക്കാൻ ലൈസൻസ് നേടിയ മഞ്ജു വാര്യർക്ക് അഭിനന്ദനക്കത്തുമായി എത്തിയത് ‘വെള്ളരിപട്ടണ’ത്തിലെ നായിക കെ പി സുനന്ദയാണ്. താൻ സ്‌കൂട്ടർ പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാൽ മഞ്ജുവിന് ഇതൊക്കെ നിസാരമായിരിക്കുമെന്നും സുനന്ദ കത്തിൽ പറയുന്നുണ്ട്. ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാർഡ് മെമ്പറാണ് സുനന്ദ. ബി എം ഡബ്യൂ ബൈക്ക് മേടിച്ച് യാത്രകൾ പോകണമെന്ന കാര്യം മഞ്ജു പറഞ്ഞിരുന്നു. അത് വാങ്ങുമ്പോൾ തങ്ങളുടെ പഞ്ചായത്തിൽ കൂടി പോകണമെന്ന ആവശ്യവും സുനന്ദയ്ക്കുണ്ട്.

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സുനന്ദയെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് വെട്ടിയാരാണ് ഈ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നടൻ സൗബിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കത്ത് ഇങ്ങനെ:

”എത്രയും പ്രിയപ്പെട്ട മഞ്ജു വാര്യർ, ബൈക്കോടിക്കുവാനുള്ള ലൈസൻസ് എടുത്തെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ! ഹോ..ഞാനൊക്കെ ഒരു ലൈസൻസ് എടുക്കാൻ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാൻ കെ പി സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീർന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി.) മഞ്ജുവിന് പഠനവും ലൈസൻസ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറിൽ പാൽപാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് വഴി വരണേ.

ഇവിടെ ഹരിതകർമസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെൽഫി എടുക്കാൻ കാത്തിരിക്കുയാണ്. എന്റെ കഥ തിയേറ്ററിൽ വരുമ്പോൾ കാണാൻ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയൽക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിർത്തുന്നു. ജയ്ഹിന്ദ്. സ്‌നേഹത്തോടെ,കെ പി സുനന്ദ”

അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയ മഞ്ജു വാര്യറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഇരുവരും ഒന്നിച്ച ‘തുണിവി’ന് ചിത്രങ്ങൾ നൽകിയ പ്രി റിലീസ് പ്രൊമോഷനും വലുതായിരുന്നു. സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ചുള്ള അഭിമുഖങ്ങളിൽ താൻ ബൈക്ക് റൈഡിംഗ് കാര്യമായെടുക്കാൻ പദ്ധതിയിടുന്നതായും നടി പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ലൈസൻസ് നേട്ടത്തെ ആരാധകർ വിലയിരുത്തുന്നത്.

Noora T Noora T :