ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ബുധനാഴ്ച ചോദ്യം ചെയ്യും, നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ വീടുകളില്‍ നോട്ടീസ് പതിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയാണ്.

ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ തന്നെ കാവ്യയെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം തിരഞ്ഞെടുത്ത അറിയിക്കണമെന്ന ആവശ്യം കാവ്യ തള്ളി. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയെങ്കിലും തീരുമാനം എടുത്തിട്ടില്ല. ഇതിന് പിന്നാലെ കേസില്‍ കൂടുതല്‍ വ്യക്തത വരുന്നതിനു വേണ്ടി ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ബുധനാഴ്ച ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍ ഇരുവരും ഇതുവരെ നോട്ടീസ് കൈപറ്റിയിട്ടില്ല. ഇരുവരും നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. പല തവണ ഫോണിലൂടെ ഇരുവരെയും ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇതേ തുടര്‍ന്നാണ് രണ്ടാളുടെയും വീടുകളില്‍ നോട്ടീസ് പതിച്ചത്. എന്നാല്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടാളുടെയും അഹങ്കാരത്തിന് കുറവില്ലല്ലോ എന്നാണ് പലരും പറയുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പരാതിയിലാണ് കോടതി നടപടി. അതിനിടെ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക നീക്കം. കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ല്‍ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതുള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവവും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഈ വിഷയങ്ങളില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും. അതിനിടെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി.

കോടതി നടപടികളുടെ ചില രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം. എന്നാല്‍, കേസില്‍ മൊഴി നല്‍കാന്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കര്‍ പ്രത്യേക അന്വേഷണ സംഘത്തിത്തിനോട് ആവശ്യപെട്ടു. ദിലീപിന്റെ ഫോണിലെ രേഖകള്‍ താന്‍ നശിപ്പിച്ചതായി സായ് ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുക്കുന്നത്.

Vijayasree Vijayasree :