മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആയിരുന്നില്ല പ്രണവ് മോഹൻലാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും തന്റെ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതം കൊണ്ടും പ്രണവ് ആരാധകരെ നേടിയെടുക്കുകയായിരുന്നു. വിനീത് ശ്രീനിവാസൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തിയേറ്ററുകളിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. സിനിമ മേഖലയിലുള്ളവർ പ്രണവിനെ ലളിതമായ ജീവിത രീതിയെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്
ഇപ്പോഴിതാ പ്രണവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് നടൻ സിദ്ദിഖ്. യഥാര്‍ത്ഥത്തില്‍ അയാള്‍ എന്താണെന്നേ നമുക്ക് മനസിലാക്കാന്‍ പറ്റില്ലെന്നാണ് ഒരു അഭിമുഖത്തിൽ പ്രണവിന്റെ കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം സിദ്ദിഖ് പങ്കുവെച്ചത്.

കുഞ്ഞാലി മരക്കാറില്‍ അഭിനയിക്കുന്ന സമയത്താണെങ്കിലുമൊക്കെ പ്രണവ് അങ്ങനെ തന്നെയാണ്. നമ്മള് ചോദിക്കുന്നതിന് മറുപടിയൊക്കെ പറയും. നമ്മളോട് പല ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ ഒരുപാട് സംസാരിക്കില്ല, ഒരുപാട് ഭക്ഷണം കഴിക്കില്ല ഒന്നും ഒരുപാട് ചെയ്യില്ല. എല്ലാം വളരെ നോര്‍മലായി ചെയ്യുന്ന ആളാണ്. സിദ്ദിഖ് പറയുന്നു.
പ്രണവിനെ വളരെ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു. പിന്നെ പ്രണവുമായുള്ള എന്റെ ഒരു ഓര്മ എന്ന് പറയുന്നത്, ഒരിക്കല്‍ ഞാനും മോഹന്‍ലാലും പെരിങ്ങോട് ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയിരുന്നു. ഞാന്‍ ചികിത്സിക്കാന്‍ പോയതല്ല, മോഹന്‍ലാല്‍ പോകുന്നതുകൊണ്ട് ഒരു കൂട്ടായി പോയതായിരുന്നു. കാരണം ആ ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്ന പടമായിരുന്നു മിസ്റ്റര്‍ ഫോര്‍ഡ്. എനിക്കും ആ സിനിമ തന്നെയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് ചോദിച്ചു, ഞാനിങ്ങനെ പോകുന്നുണ്ട് വരുന്നോ എന്ന്. വരാമെന്ന് പറഞ്ഞ് ഞാനും പോയി. ഞങ്ങള്‍ രണ്ട് റൂമിലാണ്. മോഹന്‍ലാല്‍ മുകളിലും ഞാന്‍ താഴെയും.
അവിടെ ചികിത്സ കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ഉറങ്ങാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ മോഹന്‍ലാലിന്റെ മുറിയിലേക്ക് പോകും. അങ്ങനെ ഒരു ദിവസം ഞാന്‍ ലാലിന്റെ മുറിയിലെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ എന്തോ അനങ്ങുന്നതുപോലെ തോന്നി. ഞാന്‍ രണ്ട് പ്രാവശ്യം നോക്കുന്നത് കണ്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, അത് അപ്പുവാണെന്ന്.

ഞാന്‍ നോക്കുമ്പോള്‍ ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി. അവിടുത്തെ കട്ടില് തന്നെ മോശമാണ്. സാധാരണ ഒരു കട്ടിലും ബെഡുമാണ്. അപ്പോള്‍ അതിന്റെ താഴെയാണ് അവന് കിടന്നുറങ്ങുന്നത്. ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍, താഴെയാണ് നല്ല തണുപ്പ് എന്ന് പറഞ്ഞു. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
പ്രണവ് നായകനായി എത്തിയ ആദിയിൽ പ്രണവ് മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ടത് സിദ്ദിഖായിരുന്നു. അതിന് ശേഷം പ്രണവ് ശക്തമായി തിരിച്ചെത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രമായി പ്രണവിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ സിദ്ദിഖ് എത്തിയിരുന്നു.