ആഴമേറിയ കായലാണ്, എനിക്ക് നീന്തൽ അറിയാത്തതിനാൽ ടെൻഷനുണ്ടായിരുന്നു; പക്ഷേ ഒരു നടിയായതിനാൽ റിസ്ക് എടുക്കുന്നത് പ്രൊഫഷന്റെ ഭാഗമാണ്; ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് മിത്ര കുര്യൻ !

സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിലൂടെതന്നെ ചലച്ചിത്രരംഗത്ത് മിത്ര ശ്രദ്ധിക്കപെട്ടു. നയന്‍താര, ദിലീപ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്രതന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ്, അസിന്‍ എന്നിവരായിരുന്നു തമിഴ്പതിപ്പായ കാവലിനിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം നിരവധി തമിഴ് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഗുലുമാല്‍ ദ എസ്‌കേപ്പ്, രാമ രാവണന്‍, നോട്ടൗട്ട് എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

നയൻതാര നായികയായ ചിത്രത്തിൽ നയൻസിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു മിത്രയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് സിനിമയിൽ വരുന്നതും സേതു എന്ന മിത്ര അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മിത്ര ഇപ്പോൾ സീരിയലുകളിലാണ് തിളങ്ങുന്നത് . സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ അമ്മ മകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിത്ര കുര്യനാണ്. ഒരു അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ കഥപറയുന്ന അമ്മ മകൾ ഇക്കഴിഞ്ഞ ഒക്ടോബർ മുതലാണ് സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയലിലെ അമ്മ കഥാപാത്രമായാണ് മിത്ര കുര്യൻ അഭിനയിക്കുന്നത്. മകളെ നിരുപാധികം സ്നേഹിക്കുകയും അവൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുകയും മകളുടെ സന്തോഷത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുന്ന അമ്മയാണ് സംഗീത എന്ന മിത്ര അവതരിപ്പിക്കുന്ന കഥാപാത്രം. ഒട്ടുമിക്ക ഹിറ്റ് സീരിയലുകളിലെയും ജനപ്രിയ മുഖമായ രാജീവ് റോഷൻ അച്ഛൻ കഥാപാത്രത്തിൽ എത്തുന്നു. അമ്മയെ ജീവനായിക്കാണുന്ന മകൾ അനുവായെത്തുന്നത് മരിയയാണ്. ശ്രീജിത്ത് വിജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതയും അനുവും അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായുമാണ് സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്.

സീരിയലിലെ പുതിയ കഥാ​ഗതിയുടെ ഭാ​ഗമായി കഴിഞ്ഞ ദിവസം ഒരു എപ്പിസോഡിനായി വള്ളം മറിഞ്ഞുള്ള അപകടം ചിത്രീകരിച്ചിരുന്നു. അഷ്ടമുടി കായലിൽ പോയി യഥാർ‌ഥമായാണ് അമ്മ-മകൾ ടീം ബോട്ടപകടം ചിത്രീകരിച്ചത്. എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോൾ സീരിയൽ പ്രേമികളും അത്ഭുതപ്പെട്ടു. സിനിമകളിൽ കാണുന്നത് പോലെയാണ് വള്ളം മറിഞ്ഞുള്ള അപടക രം​ഗങ്ങൾ ചിത്രീകരിച്ചത്.

ആദ്യമായാണ് ഒരു മലയാളം സീരിയലിൽ ഇത്തരം രം​ഗങ്ങൾ യഥാർഥമായി ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്നത്. ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇപ്പോൾ നായിക മിത്ര കുര്യനും സംവിധായകൻ എ.എം നസീറും തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘പ്രശസ്തമായ അഷ്ടമുടി കായലിലായിരുന്നു ചിത്രീകരണം. ആഴമേറിയ കായലാണ്. എനിക്ക് നീന്തൽ അറിയാത്തതിനാൽ ഞാൻ ടെൻഷനിലായിരുന്നു. പക്ഷേ ഒരു നടിയായതിനാൽ റിസ്ക് എടുക്കുന്നത് പ്രൊഫഷന്റെ ഭാഗമാണ്.’

ഒറിജിനാലിറ്റിക്ക് വേണ്ടി കായലിന്റെ ആഴമേറിയ ഭാ​ഗങ്ങളിലേക്ക് സഞ്ചരിച്ച് മാത്രമെ ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. റിസ്ക് എടുത്ത് ചെയ്തതിന്റെ ഫലം കിട്ടിയതിൽ സന്തോഷമുണ്ട്’ മിത്ര കുര്യൻ പറയുന്നു. ‘തടാകത്തിന്റെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ അതിന്റെ ഗുണ നിലവാരം കുറവായിരുന്നു. അതിനാൽ അഷ്ടമുടിക്ക് നടുവിൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങൾ ഏകദേശം ദിവസം മുഴുവൻ പൂർണ്ണമായും ഈ രം​ഗം​ ചിത്രീകരിച്ചു. റിസ്ക് എടുക്കാൻ മിത്ര കുര്യൻ തയ്യാറായിരുന്നു. അത് സീക്വൻസിന്റെ ഭം​ഗി വർധിപ്പിച്ചു’ സംവിധായകൻ എ എം നസീർ പറഞ്ഞു. സീരിയലിലെ കേന്ദ്ര കഥാപാത്രമായ സം​ഗീതയും ഭർത്താവ് നന്ദനും കായലിലൂടെ യാത്ര ചെയ്യവെ വില്ലൻ വന്ന് ഇരുവരും സഞ്ചരിക്കുന്ന വള്ളത്തിൽ ബോട്ടിടിച്ച് കൊല്ലാൻ ശ്രമിക്കുന്നുണ്ട്. ആ രം​ഗത്തിന് വേണ്ടിയാണ് സീരിയൽ സം​ഘം വള്ളം മറിഞ്ഞുള്ള അപകടം ചിത്രീകരിച്ചത്.

about mithra kuriyan

AJILI ANNAJOHN :