അച്ഛനെ കുടുംബത്തെയെയും എല്ലാവര്ക്കും അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവമുണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്; എന്നാല്‍ എന്റെ ചിന്ത തെറ്റായിരുന്നു! ”അവര്‍ കരുണയില്ലാത്തവരാണ് ആരും എവിടേയും നല്ലവരല്ല”; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ലക്ഷ്മി

കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും ഇന്നും സമൂഹത്തിലെ പല മേഖലകളിലും സ്ത്രീകള്‍ കടുത്ത അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അത് തെളിയിക്കുന്നതാണ് ലക്ഷ്മി മഞ്ജുവിന്റെ വാക്കുകള്‍. തെലുങ്ക് സിനിമയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ് ലക്ഷ്മി മഞ്ചു. പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. അറിയപ്പെടുന്നൊരു താരത്തിന്റെ മകള്‍ ആയിരുന്നിട്ട് കൂടി തനിക്ക് സിനിമ മേഖലയില്‍ നിന്നുമുള്ള പല തരത്തിലുള്ള വിമര്‍ശനങ്ങളും അതിക്രമങ്ങളും വിവേചനങ്ങളുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ബോഡി ഷെയ്മിംഗ്, കാസ്റ്റ് കൗച്ച് തുടങ്ങിയ അതിക്രമങ്ങള്‍ താനും നേരിട്ടിട്ടുണ്ടെന്നാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. സമൂഹത്തിലെ പല മേഖലകളിലും സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് താരം പറയുന്നത്.

രാജ്യാന്തര വനിതാ ദിനത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. ഇത്തരം പ്രശ്‌നങ്ങള്‍ സിനിമാ മേഖലയില്‍ മാത്രമല്ല സ്ത്രീകള്‍ നേരിടുന്നതെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഏത് ജീവിത സാഹചര്യമാണെങ്കിലും തൊഴില്‍ മേഖലയാണെങ്കിലും സ്ത്രീകള്‍ക്ക് അത്തരം അതിക്രമങ്ങളെ നേരിടേണ്ടി വരുമെന്നാണ് താരം പറയുന്നത്.

”ഐടി, ബാങ്കിംഗ്, സിനിമ, ഇങ്ങനെ പല മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്്ത്രീകളെ എനിക്കറിയാം. എല്ലായിടത്തും സ്ത്രീകള്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ഞാനും എല്ലായിപ്പോഴും ഇവയെ നേരിടുകയാണ്” എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. തന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവമുണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ ചിന്ത തെറ്റായിരുന്നുവെന്നാണ് ലക്ഷ്മി പറയുയന്നത്. ”അവര്‍ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല” എന്നാണ് താരം പറയുന്നത്.

തനിക്ക് അനുഭവിക്കേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും ലക്ഷ്മി മനസ് തുറന്നു. പതിറ്റാണ്ടുകളായി മനുഷ്യര്‍ അനുഭവിക്കുന്നതാണ് ബോഡി ഷെയ്മിംഗ് എന്നും അത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും ലക്ഷ്മി പറയുന്നു. തന്റെ തടിയുടെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ”ഞാന്‍ കുറച്ച് തടിവച്ചിരുന്നപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ ഭയങ്കര തടിയാണെന്ന്. ഇപ്പോള്‍ ഞാന്‍ മെലിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് വല്ലാതെ മെലിഞ്ഞുവെന്നാണ്. നമ്മള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക. അതാണ് ജീവിതത്തില്‍ സഹായിക്കുന്ന യാത്ര” എന്നാണ് ലക്ഷ്മി പറയുന്നത്.

എന്ത് ചെയ്താലും സമൂഹം നിങ്ങളെ വിധിക്കുമെന്നും എന്നാല്‍ ഒരിക്കലും കുറ്റബോധം തോന്നേണ്ടതില്ലെന്നും ഇഷ്ടമുള്ളത് ചെയ്യുകയാണ് വേണ്ടതെന്നും ലക്ഷ്മി മഞ്ചു പറയുന്നു.”നിങ്ങള്‍ എന്ത് ചെയ്താലും വിധിക്കപ്പെടും. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നരുത്. നിങ്ങള്‍ക്ക് ആഗ്രഹമുള്ളത് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടയരുത്. ഭയമില്ലാത്തവരായി മാറുകയാണ് വേണ്ടത്” എന്നും ലക്ഷ്മി പറയുന്നു. താരത്തിന്റെ വാക്കുള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


നടിയും നിര്‍മ്മാതാവും സംവിധായകയുമാണ് ലക്ഷ്മി. തന്റെ നാലാം വയസില്‍ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയ ലക്ഷ്മി പിന്നീട് അമേരിക്കന്‍ ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് താരം തെലുങ്കിലേക്ക് എത്തുന്നത്. തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ്് ആന്തോളജിയായ പിട്ട കാതലുവിലാണ് അവസാനമായി ലക്ഷ്മി അഭിനയിച്ചത്. ലക്ഷ്മി ബോംബ്, കാട്രിന്‍ മൊഴി, കടല്‍, ഡിപ്പാര്‍ട്ട്‌മെന്റ്, ഗുണ്ടല്ലോ ഗോദാരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം ടെലിവിഷന്‍ ഷോ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. രണ്ട് തവണ നന്ദി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

about lakshmi

AJILI ANNAJOHN :