നടനത്തികവിന്റെ ‘ലളിത’കല ഈ ജീവിത യാത്ര അത്ര ലളിതമല്ല! ഒഴിഞ്ഞത് അരങ്ങ് മാത്രം!

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ ജീവിത യാത്രകള്‍. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിനിഷ്ടമെന്ന് ഒരിക്കല്‍ ലളിത പറഞ്ഞിരുന്നു. അത്രയും ഉള്ളില്‍ തട്ടിയാണ് അവരത് പറഞ്ഞത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു. ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല. കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഓടി നടന്ന് അഭിനയിച്ചു. ഒടുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച വലിയ ബാധ്യതകള്‍ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്‌നം കൊണ്ടും ലളിത ഇല്ലാതാക്കി. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍വിടാതെ പിന്തുടര്‍ന്നു. ചിലരുടെ സഹായം കൊണ്ടാരുന്നു തിരിച്ചുവരവുകള്‍.

സിനിമയില്‍ മകന്‍ സിദ്ധാര്‍ഥ് പച്ചപിടിച്ചു വരുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അപകടം ലളിതയെ തളര്‍ത്തി. പക്ഷെ അമ്മ മകനെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. അസുഖങ്ങളായിരുന്നു ജീവതത്തില്‍കടന്നു വന്ന അടുത്ത വില്ലന്‍. ചികിത്സാ ചെലവിന് പോലും ബുദ്ധിമുട്ടി. സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോള്‍ അതുപോലും വിവാദമായി. ഇത്രയേറെ പ്രയാസങ്ങളുണ്ടായിട്ടും വ്യക്തി ജീവിതവും കലാജീവിതവും കൂട്ടിക്കുഴച്ചില്ല. ആകാവുന്ന കാലത്തോളം ജോലിയെടുത്തു. കരഞ്ഞും കരയിച്ചും ചിരിച്ചും ചിരിപ്പിച്ചും മലയാളി സ്ത്രീത്വത്തിന്‍റെ ഭാവങ്ങള്‍ ആവാഹിച്ച മലയാള സിനിമയിലെ ഒരമ്മ കൂടി പടിയിറങ്ങിപ്പോവുകയാണ്.
മലയാള സിനിമയില്‍ കെപിഎസി ലളിതയ്ക്ക് ചെയ്യാന്‍ സാധിക്കാത്തതായി എന്തെങ്കിലും. ഇല്ല എന്നതാണ് എല്ലാവരുടെയും ഉത്തരം. അത്രയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ചേച്ചിയുടെ അഭിനയ ജീവിതം. പുരുഷന്മാരില്‍ നെടുമുടി വേണുവിനെ അഭിനയത്തിലെ വൈവിധ്യമാര്‍ന്ന റോളുകളെ കുറിച്ച് അടയാളപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ അത് കെപിഎസി ലളിതയ്ക്കായിരിക്കും.

ഒടുവില്‍ വേണുവിന് പിന്നാലെ ലളിത ചേച്ചിയും വിടപറഞ്ഞിരിക്കുകയാണ്. തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നടി. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അനന്തന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മൂത്ത മകളായിട്ടായിരുന്നു കെപിഎസി ലളിതയെന്ന മഹേശ്വരിയമ്മയുടെ ജനനം. പിതാവ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു. ഇവരുടെ കുടുംബം പിന്നീട് കോട്ടയത്തെ ചങ്ങനാശ്ശേരിയിലേക്ക് പറിച്ച് നടപ്പെടുകയായിരുന്നു. ഇത് ലളിതയുടെ നൃത്തപഠനത്തിന് വേണ്ടിയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ നാടകത്തില്‍ അഭിനയവും ലളിത ആരംഭിച്ചിരുന്നു. പത്താം വയസ്സിലായിരുന്നു നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. നൃത്ത പഠനം അതിന് മുമ്പേ തന്നെ തുടങ്ങിയിരുന്നു. കലോത്സവങ്ങളില്‍ സമ്മാനവും നേടിയിരുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം അതോടെ മുടങ്ങുകയും ചെയ്തു. ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിത ആദ്യമായി വേദിയിലെത്തിയത്. പിന്നീടാണ് അവര്‍ കെപിഎസിയില്‍ ചേരുന്നത്. അക്കാലത്ത് ഇടതുപക്ഷ സാംസ്‌കാരിക വേദിയെ പരിപോഷിപ്പിച്ചിരുന്നത് കെപിഎസിയായിരുന്നു. അവിടെ നിന്നാണ് മഹേശ്വരിയമ്മയ്ക്ക് ലളിത എന്ന നാമം ലഭിക്കുന്നത്. ഒപ്പം കെപിഎസി എന്ന ടാഗും കൂടെ ചേര്‍ത്തു. ലളിത എന്ന പേരില്‍ മറ്റൊരു നടി കൂടി ഉള്ളത് കൊണ്ടായിരുന്നു കെപിഎസി എന്ന പേരും കൂടി ചേര്‍ത്തത്.

ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമായിരുന്നു കെപിഎസിയിലേക്ക് ലളിത എത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങി നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം, തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചു. ലളിത എന്ന പേരിട്ടത് തോപ്പില്‍ ഭാസിയാണ്. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിത അഭിനയിച്ചത്. കെഎസ് സേതുമാധവനായിരുന്നു സംവിധായകന്‍.

പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്.വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ സിനിമയില്‍ നിറഞ്ഞാടി.അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. 1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്.

About KPAC Lalitha

AJILI ANNAJOHN :