അച്ഛന്റെ പുസ്തകം പൂർത്തിയാക്കണം.. അച്ഛന്റെ ഓർമ്മകൾ അതേ തെളിച്ചത്തോടെ നിർത്താനുള്ള എല്ലാം ചെയ്യാം നമുക്ക് ! നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛൻ നിങ്ങളെ വളർത്തിയിരിക്കുന്നത്; കുറിപ്പുമായി സിത്താര കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. സെല്ലുലോയിഡ് സിനിമയിലെ ഏനുണ്ടോടി എന്ന പാട്ടിൽ തുടങ്ങി പുതിയ ചായ പാട്ടു വരെ, സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സിത്താര ഇടയ്ക്ക് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിത്താരയുടെ ഭർത്താവ് സജീഷിന്റെ അച്ഛൻ മരണപ്പെട്ടത്

ദേശീയ-സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവും റിട്ട. പ്രധാനാധ്യാപകനുമായ വയക്കരയിലെ കെ മുരളീധരനാണ് വിടവാങ്ങിയത്. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വ പകൽ മൂന്നിന് പയ്യാമ്പലത്ത് വെച്ച് നടക്കും . ഇപ്പോഴിതാ ഭർത്താവിന്റെ അച്ഛനെ കുറിച്ച് പറഞ്ഞ സിത്താരയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് സിത്താരയുടെ കുറിപ്പ്

കുറിപ്പ് ഇങ്ങനെയാണ്

അച്ഛൻ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ! ഞങ്ങളുടെ അച്ഛൻ മുരളിമാഷെക്കുറിച്ച് സഹപ്രവർത്തകർ, വിദ്യാർഥികൾ, കൂട്ടുകാർ എല്ലാം കുറിച്ചിടുന്ന ഓർമ്മകൾ ഉറക്കെ വായിക്കുകയായിരുന്നു ഞാൻ അമ്മയ്ക്കും ഏട്ടനും കേൾക്കാനായി! അവരുടെ ജീവിതത്തിലെ നിറമുള്ള ഓർമ്മകൾ പലതും വന്നുപോകുന്നത് എനിക്കിപ്പോൾ കാണാം!!! മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ.. നാടക നടനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങൾ!! സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി… അച്ഛൻ നേടിയ പുരസ്‌കാരങ്ങളും വഹിച്ച പദവികളും ഒരുപാടാണ്!! കുട്ടികാലത്തെ കഥകൾ പരസ്പരം പറഞ്ഞു കേൾപ്പിക്കുക ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളിൽ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവർത്തനം എല്ലാം നിറഞ്ഞു നില്കും! മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അച്ഛൻ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു!!!! ഇത്രയേറെ ചിട്ടയോടെ നിഷ്ഠയോടെ ഒരു ദുശ്ശീലങ്ങളും ഇല്ലാതെ ജീവിച്ച ഒരാൾക്ക് അർബുദബാധ, പ്രകൃതിയുടെ ഒരനീതിയായി തോന്നുന്നു! 57 രാജ്യങ്ങൾ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും… സഞ്ചാരപ്രിയനായ അച്ഛൻ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്!!! അച്ഛന്റെ ഒരംശം എന്റെ കൂടെയുണ്ട്! ഏട്ടാ, നിങ്ങൾ അച്ഛനോളം സുന്ദരനല്ല, പക്ഷെ ഭംഗിയുള്ള ആ ചിരിയും, കടുകിട മാറാത്ത നിഷ്ഠകളും, എഴുത്തും കൈമുതലായി കിട്ടിയിട്ടുണ്ട്.. അച്ഛന്റെ പുസ്തകം പൂർത്തിയാക്കണം.. അച്ഛന്റെ ഓർമ്മകൾ അതേ തെളിച്ചത്തോടെ നിർത്താനുള്ള എല്ലാം ചെയ്യാം നമുക്ക് ! നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛൻ നിങ്ങളെ വളർത്തിയിരിക്കുന്നത്!

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത് . നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നത്

Noora T Noora T :