മോഡലുകളുടെ മരണം; ഹോട്ടലിലെ ലഹരി ഇടപാടുകൾ അന്വേഷിക്കണം; റിമാൻഡ് റിപ്പോർട്ടിലെ ആരോപണങ്ങൾ ഇങ്ങനെയാണ്

കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മോഡലുകളുടെ അപകട മരണത്തിൽ സംസ്ഥാനത്തെ ഒരു ഉന്നതഐ.പി.എസ് ഉദ്യോഗസ്ഥന് സ്വകാര്യ ദ്യശ്യങ്ങളുമായി ബന്ധമുണ്ടെന്ന സംശയം ഇതിനകം ഉന്നയിക്കപ്പെട്ടു കഴിഞ്ഞു

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് പോലീസ് നടത്തിയത്. ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നാണ് പോലീസിൻ്റെ ആവശ്യം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്നും അന്വേഷിക്കണം.ഇത്തരം ഇടപാടുകൾ ഒളിപ്പിക്കാനാവും ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിന്റെയും ആറു ജീവനക്കാരുടെയും കസ്റ്റഡി അപേക്ഷയ്ക്കായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

എന്നാൽ റിമാൻ്റ് റിപ്പോർട്ടിൽ പറയാത്ത പല കാര്യങ്ങളും പോലീസിൻ്റെ കൈയിലുണ്ടെന്നാണ് റിപ്പോർട്ട്. ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇതിൽ പങ്കാളിയാണെന്നും കേൾക്കുന്നു. മോഡലുകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച വിവരം ഉന്നത ഉദ്യോഗസ്ഥന് അറിയാമെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.

കേസിലെ രണ്ടാം പ്രതി റോയി വയലാട്ടിന്റെ നിർദേശപ്രകാരം മൂന്നു മുതൽ 7 വരെ പ്രതികളായ ജീവനക്കാർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞു കളഞ്ഞെന്നാണ് മൊഴി. കേസ് അന്വേഷണം പുതിയ അന്വേഷണ സംഘം ഏറ്റെടുത്തതോടെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ, പ്രതികൾ ഉപേക്ഷിച്ച ഹാർഡ് ഡിസ്കിനായി കായലിൽ തിരച്ചിൽ നടത്തും. ഇതിനായി ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. പുതിയ അന്വേഷണ സംഘം പരിശോധനകൾക്കു ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ കായലിലല്ല മറ്റേതോ സേഫ്റ്റ് കസ്റ്റഡിലാണ് ഹാർഡ് ഡിസ്ക് എന്ന് പോലീസിനറിയാം. അത് കണ്ടു പിടിക്കുക ദുഷ്കരമാണെന്നമറിയാം. കാരണം ഡിസ്ക് ഒളിപ്പിക്കുന്നതിന് പിന്നിൽ പോലീസിൻ്റെ ബുദ്ധിയാണുള്ളത്. എതു കൊണ്ടു തന്നെ കുറിച്ച് പണിപ്പെടേണ്ടി വരും.എന്നാൽ സർക്കാറിൻെറ പ്രസ്റ്റീജ് വിഷയമായതിനാൽ അത് കണ്ടത്തിയേ മതിയാകൂ.

അതേസമയം വാഹനാപകട കേസിൽ പൊലീസ് ഡിജെ പാർട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യൽ തുടരുന്നു. പാർട്ടിയിൽ പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തിരുന്നു. നൂറ്റമ്പതിലധികം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലിൽ പേര് വിവരങ്ങള്‍ നൽകാതെ പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി കമീഷണർ ബിജി ജോർജ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതുവരെ കേസന്വേഷിച്ച എറണാകുളം അസി കമീഷണർ വൈ നിസാമുദ്ദീന‍, മെട്രോ സ്റ്റേഷൻ ഇൻസ്പെകടർ അനന്തലാൽ എന്നിവരെ പുതിയ സംഘത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാര്‍ പിന്തുടര്‍ന്നത്. ഹോട്ടലിൽ റജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെ താമസിച്ചത് സിനിമ മേഖലയിൽ ഉള്ളവരാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ഡിജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു. പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു. കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

Noora T Noora T :