ആരും കേൾക്കാതെ എന്‍റെ ചെവിയിൽ അഭിനയത്തിന്‍റെ ഒരു കണക്ക് പറഞ്ഞുതന്നു… ആ ഷോട്ട് വീണ്ടും ചെയ്‍തുതീർത്തപ്പോൾ ഞാൻ ആദ്യം നോക്കിയത് വേണുവേട്ടന്‍റെ മുഖത്തേക്കായിരുന്നു; ഹരീഷ് പേരടി

അന്തരിച്ച നെടുമുടി വേണുവിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി. ആദ്യമായും അവസാനമായും തനിക്കുള്ള രണ്ടനുഭവങ്ങളാണ് ഹരീഷ് ഓര്‍മ്മിക്കുന്നത്. അതിലൊന്ന് പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാറി’ലെ രംഗമാണ്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെയാണ്

തിരുവനന്തപുരത്തെ ചിത്രാഞ്ജലിയിൽ നിർമ്മിച്ച ഗുരുവായൂരമ്പലം.. പുന്താനമായി വേണുവേട്ടൻ.. കിംവദനായി കടിച്ചാൽ പൊട്ടാത്ത സംസ്‍കൃത ശ്ലോകങ്ങളുമായി പുലിമടയിലേക്കാണ് എന്നെ എറിഞ്ഞത് എന്ന് മനസ്സിലായി.. പിന്നെ രണ്ടും കൽപ്പിച്ച് അഭിനയത്തിന്‍റെ ചില തന്ത്രങ്ങൾ കാണിച്ച് തെറ്റുകൾ ആർക്കും മനസ്സിലാവാത്ത രീതിയിൽ ശ്ലോകം ഞാൻ ചൊല്ലി തീർത്തു.. പക്ഷെ അഭിനയത്തിന്‍റെ കൊടുമുടിയിൽ ഇരിക്കുന്ന ആശാനെ പറ്റിക്കാൻ പറ്റില്ലല്ലോ..

അപ്പോഴും പൂന്താനത്തിന്‍റെ ഭാവപകർച്ചയുമായി നിൽക്കുകയാണ് അദ്ദേഹം.. സംവിധായകൻ വയലാർ മാധവൻകുട്ടി സാർ കട്ട് എന്ന് പറഞ്ഞതും ഉറക്കെ ചിരിച്ച് എന്‍റെ പുറത്ത് വേണുവേട്ടൻ ഒരു അടിയാണ്… എന്നിട്ട് സംവിധായകനോട്.. “മാധവൻകുട്ടീ, ഇവൻ കേറി പൊയ്ക്കോളും” എന്‍റെ ആദ്യത്തെ ഓസ്ക്കാർ.. പിന്നെ എന്നോട് പ്രായപൂർത്തിയായ സഹപ്രവർത്തകനോടുള്ള പെരുമാറ്റമായിരുന്നു…

അവസാനം മരക്കാർ എന്ന ലോകോത്തര സിനിമയിൽ ഞങ്ങൾ നിറഞ്ഞാടുമ്പോൾ എന്‍റെ കഥാപാത്രം വേണുവേട്ടനോട് യാത്ര പറയുന്ന രംഗം ഞാൻ ചെയ്തപ്പോൾ പ്രിയൻസാർ ഓക്കെ പറയുന്നില്ല… അതിന് കാരണം വേണുവേട്ടന്‍റെ മുഖത്തെ അസംത്യപ്തിയായിരുന്നു.. മൈക്കിലൂടെ എന്താണ് വേണുച്ചേട്ടാ എന്ന പ്രിയൻ സാറിന്‍റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെയാണ് മറുപടി പറഞ്ഞത്.. “പ്രിയൻ ഹരീഷിനെ എനിക്ക് നന്നായിട്ടറിയാം അവൻ ഇതിനേക്കാൾ നന്നായിട്ട് ചെയ്യും. അതുകൊണ്ട് നമുക്ക് ഒന്നുകൂടെ പോവാം”, എന്നിട്ട് ആരും കേൾക്കാതെ എന്‍റെ ചെവിയിൽ അഭിനയത്തിന്‍റെ ഒരു കണക്ക് പറഞ്ഞുതന്നു… ആ ഷോട്ട് വീണ്ടും ചെയ്‍തുതീർത്തപ്പോൾ ഞാൻ ആദ്യം നോക്കിയത് വേണുവേട്ടന്‍റെ മുഖത്തേക്കായിരുന്നു… ആ മുഖത്ത് ഏറ്റവും അധികം മാർക്ക് വാങ്ങി വിജയിക്കുന്ന വിദ്യാർത്ഥിയുടെ മുഖത്തേക്ക് നോക്കുന്ന ഒരു അദ്ധ്യാപകന്‍റെ ചിരിയും ആത്മസംതൃപ്തിയും ഉണ്ടായിരുന്നു… അഭിനയത്തിന്‍റെ സൂത്രവാക്യങ്ങൾ പറഞ്ഞുതന്ന ഒരു ഗുരുവിനെ തന്നെയാണ് എനിക്ക് നഷ്ടമായത്.. താങ്കൾ വരച്ചിട്ട കഥാപാത്രങ്ങളിൽനിന്ന് ഇനിയും പഠിക്കാനുണ്ട്… അതുകൊണ്ട് യാത്രാമൊഴിയില്ല…

Noora T Noora T :