കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, പക്ഷേ ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല; കമല്‍ ഹാസന്‍

സംവിധായകന്‍ എന്ന റോള്‍ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ ആയിരുന്നു ‘ഇനിമേല്‍’. നടന്‍ കമല്‍ ഹാസന്റെ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ് മ്യൂസിക്ക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

കമല്‍ ഹാസന്‍ തന്നെയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നതും ഗാനം ആലപിച്ചി രിക്കുന്നതും നായിക ശ്രുതി ഹാസന്‍ തന്നെയാണ്.

ഗാനത്തിന് വരികള്‍ എഴുതിയതിന് പിന്നിലെ പ്രചോദനം പങ്കുവെച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. മോഡേണ്‍ കാലത്തെ പ്രണയത്തെ കുറിച്ച് മകള്‍ ശ്രുതിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയതെന്നാണ് കമല്‍ ഹാസന്‍ പറയുന്നത് .

‘ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികള്‍ എഴുതിയിരുന്നു, ഒരു പ്രണയം എത്ര മനോഹരമായാണ് ആരംഭിക്കുന്നത്, ഒടുവില്‍ അത് എത്ര ഭയാനകമായാണ് അവസാനിക്കുന്നത് എന്ന്. ഇന്നുവരെ അത് ആവര്‍ത്തിക്കുന്ന വിഷയമാണ്.’

‘ഇനിമേല്‍ എന്ന ഗാനത്തില്‍ അതാണ് പറയുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, എന്നാല്‍ എനിക്ക് ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല’ എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

കമല്‍ ഹാസന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസന്‍ ആണ്. ആശയവും ശ്രുതി ഹാസന്റേതാണ്. രണ്ട് പേര്‍ അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. ആ പ്രണയം തുടര്‍ന്ന് ഇരുവരും വിവാഹത്തിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നു.

തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം. ഇനിമേലിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞ് നിന്നിരുന്നത്. സംവിധാനം ദ്വാരകേഷ് പ്രഭാകറും ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Vijayasree Vijayasree :