ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം

കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാരേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.

ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. അതേസമയം ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നൽകിയിട്ടില്ല. മെഡിക്കൽ ബോർഡ് കൂടി ഇക്കാര്യത്തിൽ ഔദ്യോഗിക വാർത്താക്കുറിപ്പിറക്കുമെന്നും ആശുപത്രി അറിയിച്ചു.

Noora T Noora T :