രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹെെക്കോടതി

ഐഷ സുല്‍ത്താനയ്ക്ക് രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി വ്യക്തമാക്കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജൈവായുധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു ലക്ഷദ്വീപ് ഭരണകൂടം ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും ഐഷ സുൽത്താൻ മാദ്ധ്യമങ്ങളോട് പ്രതകരിച്ചു. എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും ഐഷ പറഞ്ഞു.

വിധി മാത്രമേ താൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതൽ കാര്യം അറിയില്ല . ലക്ഷദ്വീപ് പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാൽ പൊലീസുകാർ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്നം തരണം ചെയ്യാനാണ് താൻ ഇറങ്ങിയത്. ഞാനിപ്പോൾ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുൽത്താന പറഞ്ഞു.

ഐഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നം ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുല്‍ത്താനയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഇതേ തുടർന്ന് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനും ഐഷ ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്. ഇവരുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു ശേഷം കവരത്തിയിലേക്കു വിളിപ്പിച്ച ആയിഷയെ ഇതിനോടകം മൂന്നു തവണയാണു ചോദ്യം ചെയ്തത്. ആയിഷയുടെ ഫോണ്‍, വാട്‌സാപ് കോളുകളുടെ വിശദാംശങ്ങളാണ് ഇന്നലെയും പൊലീസ് തേടിയത്. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ആരാഞ്ഞു. സമൂഹമാധ്യമ സുഹൃത്തുക്കളില്‍ വിദേശികള്‍ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചതായും ഇത്തരത്തിലാരും ഇല്ലെന്ന വിവരം നല്‍കിയെന്നും ആയിഷ വ്യക്തമാക്കി.

Noora T Noora T :