ഇത് പുതുജന്മം! പൊരുതി ജയിച്ചു,.. ശരണ്യയിൽ നിന്ന് ആ സന്തോഷ വാർത്ത കൂടി

ക്യാന്‍സറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് നടി ശരണ്യ ശശി. രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം ഇപ്പോൾ ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യയ്ക്ക് ഇത് പുതുജന്മമാണ്.

ഇപ്പോൾ നടിയിൽ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നടിയുടെ വീടിന്റെ ഗൃഹപ്രവേശനമാണ്. ഓക്ടോബർ 23 നാണ് വീടിന്റെ ഗൃഹപ്രവേശനം.ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറയുന്നു.

കാൻസറിനോടുള്ള വർഷങ്ങളുടെ പോരാട്ടത്തിൽ ശരണ്യയ്ക്കൊപ്പം കൂടെ നിന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. അതിൽ ചേർത്തുവയ്ക്കേണ്ട പേരാണ് നടി സീമ ജി. നായർ. സുഹൃത്തുക്കളുടെ സഹായത്തോടെ ശരണ്യയ്ക്ക് പുതിയ വീട് ഉയരുമ്പോഴും എല്ലാ പിന്തുണമായി സീമ ഒപ്പമുണ്ട്. തിരുവനന്തപുരം ചെമ്പഴത്തിയിലെ ഈ വീട്ടിലാകും ഇനി ശരണ്യയുടെ ജീവിതം. അഭിനയജീവിതത്തിലേയ്ക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും ശരണ്യ പറയുന്നു. ഇത് തന്റെ രണ്ടാം ജന്മമാണെന്നും ദൈവത്തെ താൻ കണ്ടത് പീസ് വാലിയിലാണെന്നും ശരണ്യ പറഞ്ഞു. സീമ ജി നായരും ഫിറോസ് കുന്നംപറമ്പിലും പീസ് വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മയും പറഞ്ഞിരുന്നു.

ട്യൂമർ എന്ന വില്ലനാണ് ശരണ്യയുടെ ജീവിതം ഇരുട്ടിലാക്കിയത്. 2012 ലാണ് നടിയ്ക്ക് രോഗം ബാധിക്കുന്നത്. ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. സർജറിക്ക് ശേഷം നടിയുടെ ശരീരം തളർന്നു പോകുകയായിരുന്നു. ശരണ്യയുടെ ഏറെ ദുഃഖകരമായ അവസ്ഥ നടി സീമാ ജീ നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്.

ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ല. പക്ഷേ ഫോണിൽ എപ്പോഴും വിളിക്കുമായിരുന്നു. അങ്ങനെയാണ് ആ ബന്ധം വളരുന്നത്. രോഗത്തിന്റെ ആ സമയത്ത് കടല്‍ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു. കാരണം നാളെ മരിക്കുമെന്ന ചിന്തയൊക്കെ വന്നിരുന്നു. പിന്നീട് രോഗമുക്തയായ ശേഷവും സർജറി വേണ്ടി വന്നു. വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾ. ഒടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു.’–ശരണ്യ പറയുന്നു.

‘ശരണ്യ എന്റെ സുഹൃത്തോ കുടുംബസുഹൃത്തോ ആയിരുന്നില്ല. 2012ൽ ശരണ്യയുടെ ആദ്യ സർജറിയുടെ സമയത്താണ് കൂടെ നിന്നു തുടങ്ങിയത്. ശരണ്യയ്ക്കൊപ്പം കുറച്ച് കൂടുതൽ നാൾ നീ നിൽക്കണം എന്ന് ദൈവം പറഞ്ഞതുപോലെയാണ് ഇപ്പോൾ തോന്നുന്നത്. മുഴുവൻ പത്ത് ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞു. അതിൽ ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയം വന്നപ്പോൾ ഞങ്ങൾ തളർന്നുപോയി. കാരണം പത്ത് രൂപ പോലും കയ്യിൽ എടുക്കാനില്ലായിരുന്നു. ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ആരും സഹായിച്ചില്ല. അങ്ങനെയാണ് ആദ്യമായി സോഷ്യൽമീഡിയയുടെ മുന്നിൽ വരുന്നത്.’–സീമ ജി. നായർ പറയുന്നു.

Noora T Noora T :