ലഹരിയ്ക്ക് അടിമപ്പെടരുത്, എന്തിനെങ്കിലും അടിമപ്പെട്ടാല്‍ നമ്മളുടെ ക്രിയേറ്റിവിറ്റി നഷ്ടപ്പെടും; മണിച്ചേട്ടന്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന, മനസ് കൊണ്ട് പെരുമാറുന്ന വലിയൊരു മനുഷ്യനാണ് ;കലഭാവന്‍ മണിയെക്കുറിച്ച് നിര്‍മ്മാതാവ്‌!

മലയാളികള്‍ക്കിടയിൽ ഇന്നും മുഴങ്ങുന്ന പേരാണ് മണിയുടേത്. കലാഭവൻ മണി ഒരിക്കലും മലയാളി മനസ്സിൽ മരിക്കില്ല. ഇന്നും കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ട്.

അഭിനയത്തിലൂടെ മാത്രമല്ല പാട്ടുകളിലൂടേയുമൊക്കെ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്തൊരു ഇടമാണ് കലാഭവന്‍ മണി മലയാളികളുടെ മനസില്‍ നേടിയത്. മിമിക്രി വേദികളിലൂടെ കടന്നു വന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി. പകർന്നാടിയ വേഷങ്ങളിലൂടെ ചിരിപ്പിച്ചും വെറുപ്പിച്ചും കണ്ണീരണിയിച്ചും മണി തിളക്കമുള്ള മരതകക്കല്ലായി ഉദിച്ചു നിൽക്കുകയാണ്.

മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചു. കലാഭവന്‍ മണിയുടെ മരണത്തിന്റെ ഞെട്ടല്‍ ഇന്നും ആരാധകര്‍ക്ക് വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ്.

നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കടയാണ് മനസ് തുറന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

“കൊച്ചിന്‍ ഹനീഫയ്ക്ക് എല്ലാവരുവമായി നല്ല ബന്ധമായിരുന്നു. ആരുമായും പിണക്കമൊന്നുമുണ്ടായിരുന്നില്ല. കലാഭവന്‍ മണിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. കൊച്ചിന്‍ ഹനീഫയ്ക്ക് കുട്ടികളുണ്ടാകുന്നത് വളരെ വൈകിയാണ്. അദ്ദേഹത്തിന് കുട്ടികളുണ്ടാകാന്‍ വേണ്ടി മണിച്ചേട്ടന്‍ മാലയിട്ട് ശബരി മലയ്ക്ക് പോയിട്ടുണ്ടെന്നൊക്കെ ഹനീഫക്ക എന്നോട് പറഞ്ഞിട്ടുണ്ട്.

കലാഭവന്‍ മണിയുടെ നഷ്ടം വല്ലാത്തൊരു നഷ്ടം തന്നെയാണ്. ഞാന്‍ മണി ചേട്ടനെ വച്ചൊരു സിനിമ ചെയ്യാന്‍ പ്ലാനിട്ടിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുകയും അഡ്വാന്‍സ് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ആ പ്രൊജക്ട് നടന്നില്ല. ഇതുപോലൊരു മനുഷ്യ സ്‌നേഹി. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ആളായിരുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്തതായിരുന്നു എന്റെ സിനിമ. മണിച്ചേട്ടന് നല്ല തിരക്കായിരുന്നു. അതങ്ങനെ നീണ്ടു പോയി. പിന്നെയത് നടന്നില്ല.

മണിച്ചേട്ടന്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന, മനസ് കൊണ്ട് പെരുമാറുന്ന വലിയൊരു മനുഷ്യനാണ്. ഹൃദയം കൊണ്ടായിരിക്കും സംസാരിക്കുക. അതിലൊട്ടും കൃത്രിമത്വം നമുക്ക് തോന്നില്ല. എത്ര വലിയ തലത്തില്‍ എത്തിയപ്പോഴും വിനയം വിട്ടിട്ടില്ല. ലാളിത്യം ഉണ്ടായിരുന്നു എന്നുമെന്നാണ് കലാഭവന്‍ മണിയെ വിലയിരുത്തുമ്പോള്‍ എനിക്ക് മനസിലാകുന്നത്. എപ്പോഴുമൊരു സംഗീതത്തിന്റെ അന്തരീക്ഷമുണ്ട് അദ്ദേഹത്തിന് ചുറ്റും. ലഹരിയ്ക്ക് അടിമപ്പെടരുത്. എന്തിനെങ്കിലും അടിമപ്പെട്ടാല്‍ നമ്മളുടെ ക്രിയേറ്റിവിറ്റി നഷ്ടപ്പെടും. എന്തിനാണോ അഡിക്ടായത്, അതിലേക്കായിരിക്കും നമ്മളുടെ ശ്രദ്ധ പോവുക.

കലാഭവന്‍ മണിയെ കേരളം മറക്കില്ല. അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷന്‍, അത് നന്മയായിട്ടും അഭിനയമായിട്ടും, അത്രമാത്രമുണ്ട്. നാടന്‍ പാട്ട് എന്ന കലയെ ജനകീയമാക്കിയ വ്യക്തിയാണ്. ഇന്നും കോളേജ് പരിപാടികള്‍ക്കൊക്കെ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. മലയാളത്തനിമ ഉള്ളിടത്തോളം കാലം കലാഭവന്‍ മണിയെ മറക്കാനാകില്ല. ഞങ്ങള്‍ ഫോണിലൂടെ സംസാരിക്കുകയൊക്കെ ചെയ്യുമായിരുന്നു.

വിവാദങ്ങളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ പുള്ളി ഒപ്പമുള്ളവരെ സംരക്ഷിക്കാനോ മറ്റോ ചെയ്താകുമെന്നാണ് സമദ് പറഞ്ഞത്. അല്ലാതെ പുള്ളിയുടെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി ചെയ്ത് ആകാന്‍ സാധ്യതയില്ലെന്നും സമദ് മങ്കട പറയുന്നുണ്ട്.

about kalabhavan mani

Safana Safu :