“മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ, അതുകൊണ്ട് സമൂഹത്തിൽ നല്ലതേ ഉണ്ടാകൂ; ഷൈൻ ടോം ചാക്കോ പറയുന്നു !

ചാനല്‍ അവതാരകയോട്മോശമായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞു ദിവസം ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇപ്പോൾ ഇതിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണ്, ആ വ്യക്തി ഉണ്ടാക്കിയതല്ല. പലപ്പോഴും ആളുകൾ ഒരേപോലെ പ്രതികരിക്കണം എന്നില്ല. മറ്റൊരാൾ മോശം മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മളുടെ മാനസികാവസ്ഥ നല്ലതെങ്കിൽ നമ്മൾ അത് സഹിക്കണം എന്ന് ഷൈൻ ടോം ചാക്കോ പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടന്റെ പ്രതികരണം.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ:

“മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ. സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്. അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല. അത് പറയാം എന്നുള്ളതല്ല. എപ്പോഴും എല്ലാവരും ഒരേപോലെ പ്രതികരിക്കണം എന്നില്ല. കൊന്നുകളയുന്ന ചില ആളുകൾ ഉണ്ട്, ചുട്ടുകളയുന്ന ആളുകൾ ഉണ്ട്, കത്തിച്ച് കളയുന്ന ആളുകൾ ഉണ്ട്. അപ്പോഴൊന്നും കാണിക്കാത്ത രോക്ഷം ഇതിൽ മാത്രം കാണിക്കാൻ എന്താണ്. അങ്ങനെയെങ്കിൽ അവൻ എഴുന്നേറ്റ് നിന്ന് ആദ്യം വിളിക്കേണ്ടത് അതിനെതിരെ ആണ്.

പാട്ട് പാടി, തമാശ പറഞ്ഞ് അവൻ നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോൾ അയാൾ അങ്ങനെ ഒരു വ്യക്തി അല്ല. അവൻ്റെ സ്ഥിതി വളരെ മോശമാകുന്ന അവസ്ഥയിൽ ആണ് അങ്ങനെ വരുന്നത്. അതിനെ അവനുമായി ബന്ധപ്പെടുന്നവർ മാനിക്കുക. കാരണം, മറ്റൊരുവൻ ശരിയായ മാനസികാവസ്ഥയിൽ അല്ലെങ്കിൽ, നമ്മൾ ശരിയായ മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മൾ അത് സഹിക്കണം.
ചിലപ്പോഴൊക്കെ ചീത്ത വാക്കുകളേക്കാൾ വളരെ വേദനിപ്പിക്കും നമ്മൾ ചെയ്യാത്ത കാര്യങ്ങൾ പറയുന്നത്. അത് ആളുകൾ സഹിക്കുന്നില്ലേ. അത് നല്ലതാണെന്ന് പറയുന്നില്ല. പക്ഷെ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ. അതുകൊണ്ട് സമൂഹത്തിൽ നല്ലതേ ഉണ്ടാകൂ.
ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്യാതെ ഇരിക്കുക. നമ്മളുടെ ഉള്ളിലെ ടെൻഷൻ കൊണ്ട് നമ്മൾ ഒരാളോട് ചൂടാകുന്നത് നമ്മൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഒരു അവസ്ഥയിൽ ആയിരിക്കുമല്ലോ അങ്ങനെയൊക്കെ ഉണ്ടാകുന്നത്. ബോധവും വിവരവും ഉള്ളയാളുകൾ അത് ക്ഷമിക്കുക.
തല്ലുമാലയിൽ പറയുന്നത്, ശക്തരിൽ ശക്തൻ എന്ന് പറയുന്നത് ക്ഷമിക്കാൻ കഴിവുള്ളവൻ ആണെന്നാണ്. ശക്തനാകണോ ശക്തിയില്ലാത്തവൻ ആകണോ എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്. ന്യായീകരിക്കുന്നില്ല. പക്ഷെ ആരേയും കുറ്റപ്പെടുത്താൻ സാധിക്കില്ല. ചിലപ്പോൾ ഞാനൊക്കെയാണെങ്കിൽ കേട്ടിട്ട് ഇടിക്കാം, അടിയാകാം. അതിനെ ന്യായീകരിക്കുകയല്ല നമ്മൾ ചെയ്യുന്നത്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ വേണ്ട കാര്യങ്ങൾ ആണ് പറയുന്നത്.”

AJILI ANNAJOHN :