പ്രേക്ഷക ആകാംക്ഷകള്‍ക്ക് ആക്കം കൂട്ടി ഇന്ത്യന്‍ 2; ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു

പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന കമല്‍ ഹാസന്‍ ചിത്രമായിരുന്നു ഇന്ത്യന്‍2. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. എന്നാല്‍ സെറ്റിലെ അപകടമരണങ്ങളും കൊവിഡും അടക്കം നിരവധി കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് നിലച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തടസങ്ങളെല്ലാം മറികടന്ന് ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്.

ഷൂട്ടിംഗ് സെറ്റില്‍ എത്തിയ തന്റെ ചിത്രം കമല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കമലിന് എടുക്കാനുദ്ദേശിക്കുന്ന രംഗങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന ഷങ്കറിനെയും ചിത്രങ്ങളിലും ഒപ്പമുള്ള ഒരു ലഘു വീഡിയോയിലും കാണാം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി തമിഴിലെ ഒരു വലിയ ബാനര്‍ കൂടി അടുത്തിടെ ചേര്‍ന്നിരുന്നു.

ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ആ ബാനര്‍. സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്!കമല്‍ ഫിലിംസുമാണ് ചിത്രത്തിന്റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍ .2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം.

അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.

Vijayasree Vijayasree :