സിനിമ മോഹം ഉപേക്ഷിച്ച തന്നെ സഹായിക്കാൻ എത്തിയ ദൈവത്തിന്റെ കൈ ആയിരുന്നു സച്ചിയുടേത്; കോട്ടയം രമേശ് പറയുന്നു!

മലയാള സിനിമയെ വിട്ടുപോയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗം ഇനിയും ഉൾകൊള്ളാൻ മലയാള സിനിമാലോകത്തിനും പ്രേക്ഷകർക്കും ആയിട്ടില്ല . സച്ചി സംവിധാനം ചെയ്‌ത് തിയറ്ററുകളിൽ സൂപ്പർഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘ദൈവമകളെ’ എന്ന പാട്ടിനൊപ്പം സച്ചി നടക്കുമ്പോൾ മലയാള സിനിമാലോകം വിതുമ്പുകയാണ്,

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട സച്ചിക്കാണ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. മറ്റു നിരവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. സച്ചി വിടപറഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും അദ്ദേഹം ബാക്കിവെച്ചു പോയ കഥകളെയും സിനിമകളെയും കുറിച്ച് ഇന്നും സച്ചിയുടെ പ്രിയ സുഹൃത്തുക്കള്‍ സംസാരിക്കാറുണ്ട്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് കോട്ടയം രമേശ്. ഇന്ന് മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ട് മലയാളത്തിലെ നിറ സാന്നിധ്യമായി നിൽക്കുന്ന നടന്റെ കരിയറിൽ വഴിത്തിരിവായത് തന്നെ അയ്യപ്പനും കോശിയിലെ കഥാപാത്രമാണ്. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാതെ സിനിമ മോഹം ഉപേക്ഷിച്ച തന്നെ സഹായിക്കാൻ എത്തിയ ദൈവത്തിന്റെ കൈ ആയിരുന്നു സച്ചിയുടേത് എന്ന് പറയുകയാണ് ഇപ്പോൾ കോട്ടയം രമേശ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സിനിമയിലേക്ക് വരാനുള്ള ആഗ്രഹം കൊണ്ട് ഒരുപാട് നാൾ അതിനായി അലഞ്ഞു നടന്നിട്ടുണ്ട്. അങ്ങനെ ഒന്നും കിട്ടാതെ ആയപ്പോൾ സിനിമ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് നാടകങ്ങളുമായി വളരെ ചെറിയ രീതിയിൽ ജീവിച്ചു പോകുകയായിരുന്നു. അതിനിടെയാണ് സീരിയലിൽ അവസരങ്ങൾ ലഭിക്കുന്നത്. അത് ചെയ്യുന്നതിനിടെ വേണു സാറിന്റെ കാർബൺ എന്ന സിനിമയിലേക്ക് ഒരു അവസരം കിട്ടി. അങ്ങനെ അതിൽ അഭിനയിച്ചു. നാടകത്തിന്റെ ഇടയിൽ നിന്നാണ് അത് പോയി ചെയ്യുന്നത്,’

‘ആ സമയത്ത് സച്ചി അയ്യപ്പനും കോശിയിലെ ഡ്രൈവർ കുമാരനായി പുതിയ ഒരാളെ തേടി കൊണ്ടിരിക്കുകയായിരുന്നു. കാർബണിലെ കഥാപാത്രം ആരോ ചെയ്തു പോയത് പോലെ ആരാരും ശ്രദ്ധിക്കാത്ത ഒന്നായിരുന്നു. എന്നാൽ സച്ചി സാർ ശ്രദ്ധിച്ചു. ആ സമയം ഞാൻ ഉപ്പും മുളകും പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. അതൊക്കെ കണ്ടിട്ട് ആണ് എന്നെ വിളിക്കുന്നത്,’

‘അങ്ങനെ കണ്ടു സംസാരിച്ചു. എന്നോട് പറഞ്ഞു പൃഥ്വിരാജിന് ഒപ്പം ചിത്രത്തിൽ ഉടനീളം ഉള്ള വേഷം ആണെന്ന്. പൃഥ്വിരാജിനെ പോലൊരു നടന്റെ കൂടെ ആ സമയത്ത് അഭിനയിക്കുക എന്നത് വലിയ വെല്ലുവിളി ആയിട്ടാണ് എനിക്ക് തോന്നിയത്. കാരണം വേറെ എക്സ്പീരിയൻസ് ഒന്നുമില്ലലോ. എന്നാലും അത് ചെയ്തു. എന്നാൽ ആ കഥാപാത്രത്തിന്റെ ഒറ്റ റിയാക്ഷനുകൾ പോലും സച്ചി സാർ ഒഴിവാക്കിയിരുന്നില്ല,’

‘അടുത്തിടെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ സച്ചി സാർ ഷേക്ക് ഹാൻഡ് തരുന്ന ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരുന്നു. അപ്പോൾ അതിന് താഴെ കമന്റുകൾ വന്നു. ശക്തമായ കൈകൾ പിടിച്ചുയർത്തിയ എന്ന രീതിയിൽ. അത് ശരിക്കും ശക്തമായ കൈകൾ തന്നെ ആയിരുന്നു, മറഡോണയുടെ ഗോളുകൾ ഒക്കെ പറയുന്നത് പോലെ അത് ദൈവത്തിന്റെ കൈകൾ തന്നെ ആയിരുന്നു. അതിനെയാണ് നിയോഗം എന്നൊക്കെ പറയുന്നത്,’ കോട്ടയം രമേശ് പറഞ്ഞു.

അയ്യപ്പനും കോശിയിലെ കഥാപാത്രത്തിന് ശേഷം മേപ്പടിയാൻ, ഭീഷ്മപർവ്വം, ആറാട്ട് തുടങ്ങിയ സിനിമകളിലെ കോട്ടയം രമേശിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്.

AJILI ANNAJOHN :