ഇത്തരത്തിലുള്ള സിനിമകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഇപ്പോള്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു, ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം മൂന്ന് വര്‍ഷം കഴിഞ്ഞ് റിലീസ് ചെയ്യും!; തുറന്ന് പറഞ്ഞ് സംവിധായകന്‍

ബോയിക്കോട്ട് ക്യാംപെയ്‌നുകള്‍ക്കിടയിലും ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനുവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അയാന്‍ മുഖര്‍ജി. ആദ്യ ഭാഗത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചതാക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഞങ്ങളുടെ ലക്ഷ്യമുണ്ട്. ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം ചെയ്യാനും മൂന്ന് വര്‍ഷം കഴിഞ്ഞ് റിലീസ് ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു ഭാഗം എത്ര സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ മൂന്ന് വര്‍ഷം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സിനിമകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഇപ്പോള്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു’ അയാന്‍ പ്രതികരിച്ചു.

‘ബ്രഹ്മ്മാസ്ത്ര; പാര്‍ട്ട് വണ്‍ ശിവ’ എന്ന പേര് നല്‍കിയ ചിത്രം ശിവയുടെ കഥയാണ് പറയുന്നത്. ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം ദേവ് ആണെന്നും ദേവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാകും ചിത്രത്തില്‍ ഉണ്ടാവുകയെന്നും അയാന്‍ പറഞ്ഞു. ബ്രഹ്മാസ്ത്രം കാരണം ഈ സമൂഹവും ലോകവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അതിന്റെ യഥാര്‍ത്ഥ സമ്മര്‍ദ്ദം എന്താണ്, ഇതെല്ലാമാണ് രണ്ടാം ഭാഗത്തില്‍ പറയുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഒരു ദശകത്തോളമായി ബ്രഹ്മാസ്ത്ര ആദ്യ ഭാഗം നിര്‍മ്മാണം തുടങ്ങിയിട്ട്. ‘യേ ജവാനി ഹേ ദിവാനി’ എന്ന ചിത്രത്തിന്റെ ജോലികള്‍ക്കിടയിലാണ് താന്‍ ഈ സിനിമയുടെ ആശയം മുന്നോട്ട് വെച്ചതെന്ന് സംവിധായകന്‍ അയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

സെപ്റ്റംബര്‍ 9 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ ആഗോള തലത്തില്‍ 250 കോടിയോളമാണ് കളക്ട് ചെയ്തിട്ടുള്ളത്. ആദ്യ ദിവസത്തില്‍ തന്നെ 75 കോടി ബ്രഹ്മാസ്ത്ര കളക്ട് ചെയ്തുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോര്‍ട്ട്.

Vijayasree Vijayasree :