സിജു വിൽസനോട് കഥ പറയുന്നതിന് മുമ്പ് ആദ്യം പൃഥ്വിരാജിനെ സമീപിച്ചു ; തിരക്കാണ് എന്ന് പറഞ്ഞ് പിന്മാറി, സമയമില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്ന തന്റെ ആവേശം കളയാൻ പറ്റില്ലായിരുന്നു; തുറന്നടിച്ച് വിനയൻ !

കേരളം കാത്തിരുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ ആവേശം തീർത്ത് പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടൻ സിജു വിൽസനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവരെ സഹനടനായും ചെറിയ വേഷങ്ങളിലും മറ്റുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ള സിജു വിൽസൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷം ഗംഭീരമാക്കി എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരപരിവേഷങ്ങളൊന്നും ഇല്ലാതെ വന്ന സിജു വിൽസൻ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയിരിക്കുകയാണ്.

അതിനിടെ ചിത്രത്തിൽ എന്തുകൊണ്ട് സിജുവിനെ തന്നെ കാസ്റ്റ് ചെയ്തു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂട്ടിയും മോഹൻലാലും പോലുള്ളവരുടെ പ്രായം പരിഗണിച്ച് ആദ്യമേ വേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും അതേസമയം പൃഥ്വിരാജിനെ സമീപിച്ചിരുന്നു എന്നും വിനയൻ പറയുന്നു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

സിജു വിൽസനോട് കഥ പറയുന്നതിന് മുമ്പ് ആദ്യം പൃഥ്വിരാജിനെ സമീപിച്ചിരുന്നെന്നും കഥ പറഞ്ഞെന്നും എന്നാൽ പൃഥ്വിരാജ് തിരക്കാണ് എന്ന് പറഞ്ഞ് പിന്മാറിയെന്നും വിനയൻ പറഞ്ഞു. എന്നാൽ അതിനു ശേഷം പൃഥ്വിരാജ് ആഷിഖ് അബുവുമായി ചേർന്ന് വാരിയൻകുന്നൻ സിനിമ പ്രഖ്യാപിക്കുകയും അത് ഫെയ്‌സ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നെന്ന് വിനയൻ പറയുന്നു. സമയമില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്ന തന്റെ ആവേശം കളയാൻ പറ്റില്ലായിരുന്നു അതുകൊണ്ട് സിജു വിൽസനിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിനയന്റെ വാക്കുകൾ ഇങ്ങനെ..

ഒരു സൂപ്പർ സ്റ്റാറായിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഫാൻസുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധ പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താൽ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. പിന്നെയുള്ളത് പൃഥ്വിരാജാണ്,’

‘പൃഥ്വിരാജിനോട് ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു. അന്ന് അയാൾ വളരെ തിരക്കിലായിരുന്നു തിരക്കാണെന്ന് പറഞ്ഞു. അതേസമയം തന്നെ എഫ്ബിയിൽ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയൻകുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോൾ ഞാൻ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പറ്റില്ല.’

എന്റെ സ്വഭാവം അതാണ്. എന്റെ മനസിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തിക്കൊണ്ട് ഒരു വർഷം കാത്തിരുന്നാൽ എന്റെ ആവേശം തളർന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാൻ ആലോചിക്കുന്നത്.’ വിനയൻ പറഞ്ഞു.

വാരിയൻകുന്നൻ സിനിമയുടെ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് ചിത്രം ഉപേക്ഷിച്ചു. പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു വാരിയൻകുന്നൻ. അതേസമയം, മികച്ച പ്രതികരണമാണ് പത്തൊമ്പതാം നൂറ്റാണ്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

AJILI ANNAJOHN :