വിജയ് സേതുപതിയും ധനുഷുമൊക്കെ ശരീരഭംഗിക്കും അപ്പുറത്തായിരുന്നു അവര്‍ ഉണ്ടാക്കിയ ഓളം; എന്നാല്‍ സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോള്‍ തടിക്കുമ്പോള്‍ അമ്മയായി അഭിനയിച്ചൂടെ എന്ന് ചോദിക്കും ; തുറന്നടിച്ച് അപർണ ബാലമുരളി!

മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് സൂരറൈ പോട്രെലൂടെ ദേശീയ അവാർഡിൽ എത്തി നിൽക്കുകയാണ് അപർണ ബാലമുരളി. മികച്ചൊരു ഗായിക കൂടിയാണ് അപര്‍ണ. ദേശീയ പുരസ്‌കാരം നേടിയ ശേഷം സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ചുമൊക്കെ അപര്‍ണ സംസാരിക്കുകയുണ്ടായി. ബോഡി ഷെയ്മിംഗിനെതിരേയും അപര്‍ണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാടുകള്‍ ഒന്നു കൂടെ വ്യക്തമാക്കുകയാണ് അപര്‍ണ ബാലമുരളി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ .

വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ആളുകളുണ്ടായി എന്നാണ് ദേശീയ പുരസ്‌കാരത്തിന് ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വിമര്‍ശിക്കാനാണെങ്കിലും ഞാന്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. അതേസമയം, പറഞ്ഞതു മനസ്സിലാക്കാതെ സംസാരിക്കുന്നവരും ഉണ്ടെന്നും അപര്‍ണ പറയുന്നുണ്ട്. അതില്‍ ഇടയ്ക്കു ദേഷ്യവും തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണു പ്രശ്‌നം എന്നു മനസ്സിലാകുന്നേയില്ലെന്ന് അപര്‍ണ പറയുന്നു. ആരോടുമുള്ള ദേഷ്യം കൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആവാമല്ലോ എന്നും അപര്‍ണ ചോദിക്കുന്നു. ചര്‍ച്ച വലിയ സാധ്യതയാണെന്നും പക്ഷേ, അതു മനസ്സിലാക്കി ഇടപെടുന്നവര്‍ കുറവാണെന്നും അപര്‍ണ പറയുന്നു. സ്ത്രീകള്‍ അഭിപ്രായം പറയുന്നതിനോടുളള സമൂഹത്തിന്റെ സമീപനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അപര്‍ണ.


ബോഡി ഷെയ്മിംഗിനെ നേരിടുന്നത് എങ്ങനെയെന്നും അപര്‍ണ പറയുന്നുണ്ട്. തടിച്ചല്ലോ എന്നു കേട്ടാല്‍ പെട്ടെന്നു വിഷമം വരുന്ന ആളായിരുന്നു ഞാന്‍ എന്നാണ് അപര്‍ണ പറയുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനെ നിന്നു കൊടുക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു. എനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് ഞാന്‍ തടിച്ചിരിക്കുന്നത്. അതേസമയം, എന്നെ ഇങ്ങനെ ഉള്‍ക്കൊള്ളുന്ന ഒരുപാടാളുകള്‍ ജീവിതത്തില്‍ ഉണ്ടെന്നും അപര്‍ണ പറയുന്നു.സിനിമയിലേക്ക് എത്തുമ്പോള്‍ മെലിഞ്ഞിരിക്കുന്ന പെണ്‍കുട്ടി മാത്രമേ നായികയായി സ്വീകരിക്കപ്പെടൂ എന്നു പറയുന്നതാണു മനസ്സിലാകാത്തത്.

വിജയ് സേതുപതിയായാലും ധനുഷായാലും അവര്‍ ഉണ്ടാക്കിയ ഓളം ശരീരഭംഗിക്കും അപ്പുറത്തായിരുന്നുവെന്നും അപര്‍ണ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോള്‍ തടിക്കുമ്പോള്‍ അമ്മയായി അഭിനയിച്ചൂടെ എന്ന ചോദ്യത്തിലേക്ക് എത്തുന്നതാണു പ്രശ്‌നമെന്നാണ് അപര്‍ണ അഭിപ്രായപ്പെടുന്നത്.സൂരരൈ പൊട്രിന് ശേഷം താന്‍ തിരക്കഥകള്‍ വായിച്ചിട്ടേ ഒാക്കെ പറയാറുള്ളൂവെന്നാണ് അപര്‍ണ പറയുന്നത്. പണ്ട് കഥ മാത്രം കേട്ട് ചെയ്ത സിനിമകളില്‍ നിന്നു പണി കിട്ടിയിട്ടുണ്ട്. എന്റെ തെറ്റായിരുന്നു അത്. അവര്‍ കഥ പറയുമ്പോള്‍ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും.

പക്ഷേ സിനിമയിലേക്കെന്തുമ്പോള്‍ അതൊക്കെ മാറിപ്പോകാറുണ്ടായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. അതുണ്ടാവാതിരിക്കാന്‍ ഇപ്പോള്‍ ഞാന്‍ വരുന്ന സ്‌ക്രിപ്റ്റുകള്‍ മുഴുവന്‍ വായിക്കാറുണ്ടെന്ന് അപര്‍ണ പറയുന്നു.സൂരരെ പോട്രെ’ എന്ന ചിത്രത്തിന് ശേഷമാണു കാര്യമായി സ്‌ക്രിപ്റ്റ് വായിക്കണമെന്ന ബോധ്യത്തിലേക്കു എത്തിയതെന്നാണ് അപര്‍ണ പറയുന്നത്. പ്രതിഫലത്തെക്കുറിച്ചുള്ള തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുണ്ട് അപര്‍ണ. ഞാന്‍ എന്റെ ജോലിയില്‍ നൂറു ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ട്. അതിനു വേതനം ചോദിക്കാന്‍ എനിക്കു മടിയുമില്ലെന്നാണ് അപര്‍ണ പറയുന്നത്. നേരത്തെ ഒരിക്കല്‍ വേതനം ചോദിച്ചതിന് ഒരു പ്രൊഡ്യൂസര്‍ വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും അപര്‍ണ തുറന്നു പറയുന്നു.

AJILI ANNAJOHN :