സുകുവേട്ടന്റെ മരണശേഷം എന്റെ മക്കൾക്ക് അവരുടെ ഓണക്കാലവും നഷ്ടമായി എന്നാണ് തോന്നിയിട്ടുള്ളത്;മല്ലിക സുകുമാരൻ പറയുന്നു !

എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയെ മുന്നോട്ട് നയിച്ച താരങ്ങളിൽ ഒരാളായിരുന്നു സുകുമാരൻ. വില്ലനായും നായകനായുമെല്ലാം അദ്ദേഹം മലയാള സിനിമയിൽ നിറസാന്നിധ്യമായി നിന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് 25 വർഷം പൂർത്തിയായിരിക്കുകയാണ് . സുകുമാരന്റെ ഭാര്യയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. സുകുമാരന്റെ വേർപ്പാടിന് ശേഷം മക്കൾക്ക് വേണ്ടി പോരാടിയ അമ്മയാണ് മല്ലിക സുകുമാരൻ. സിനിമ സീരിയൽ മേഖലയിൽ ഇപ്പോഴും സജീവമാണ് മല്ലിക. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി.

കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവയ്ക്കാറുണ്ട്. ധാരാളം അഭിമുഖങ്ങളും മല്ലിക നൽകാറുണ്ട്. തന്റെ മക്കളുടെയും കൊച്ചു മക്കളുടെയും വിശേഷങ്ങളൊക്കെ മല്ലിക തന്നെ അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സുകുമാരനും മക്കൾക്കും ഇപ്പോൾ കൊച്ചുമക്കൾക്കും ഒപ്പമുള്ള തന്റെ ഓണനാളുകളെ കുറിച്ച് മല്ലിക പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ഓണത്തിനോടനുബന്ധിച്ച് വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വിവാഹജീവിതത്തിലേക്കു കടന്നപ്പോൾ ഓണം കുറച്ചുകൂടി നിറമുള്ളതായി എന്നാണ് മല്ലിക പറയുന്നത്. ‘സുകുവേട്ടനുമൊത്തുള്ള ഓണക്കാലങ്ങൾ സ്നേഹനിർഭരമായിരുന്നു. ഇന്നത്തെപ്പോലെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സെൽഫിയെടുക്കലും കെട്ടിപ്പിടുത്തവും ഫോട്ടോ പ്രചരിപ്പിക്കലുമൊന്നു അന്നില്ല. പക്ഷേ, പുറത്തുകാണിക്കാത്ത സ്നേഹത്തിന്റെ കടലുതന്നെ അദ്ദേഹം ഉള്ളിൽ സൂക്ഷിച്ചിരുന്നു,’ മല്ലിക പറയുന്നു.

ഇന്ദ്രനും രാജുവും കുട്ടികളായിരുന്നപ്പോൾ അവർക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങൾ ഓണക്കാലത്തായിരുന്നു. എത്ര തിരക്കാണെങ്കിലും ഓണത്തിന് മൂന്നാലു ദിവസം മുൻപ് സുകുവേട്ടൻ വീട്ടിലെത്തും. അന്നു ഞങ്ങൾ തിരുവനന്തപുരത്ത് കുഞ്ചാലുംമൂട്ടിലെ വീട്ടിലായിരുന്നു താമസം 40 സെന്റ് സ്ഥലത്താണ് വീട് നഗരത്തിനുള്ളിലാണെന്നു തോന്നില്ല. വലിയ മുറ്റമുണ്ട്. അവിടെ അച്ഛനും മക്കളും ക്രിക്കറ്റ് കളിക്കും അയൽപക്കത്തെ കുട്ടികളും കൂടെക്കൂടും അതാണ് അവരുടെ ഓണക്കളി.

ക്രിക്കറ്റ് കഴിഞ്ഞാൽ വൈകുന്നേരം അമ്മമാരെ കാണാൻ പോകും. അവർക്ക് ഓണക്കോടി കൊടുക്കും. പിന്നെ, ചെറിയ യാത്രകൾ. പൊൻമുടിയിലേക്കായിരുന്നു ഞങ്ങളുടെ സ്ഥിര ഓണ യാത്രകൾ. ഓണക്കാലത്ത് എടപ്പാളിലെ സുകുവേട്ടന്റെ വീട്ടിൽ പോക്കാൻ ഇന്ദ്രനും രാജവിനും വലിയ ഉത്സാഹമായിരുന്നു. ഓണക്കാലത്ത് അവിടെ വീടുകളിൽ കളിപ്പാട്ടങ്ങൾ കൊണ്ടുവരും, മല്ലിക ഓർത്തു.

ഓണാഘോഷം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നത് വരെ സുകുവേട്ടന്റെ ഷൂട്ടിങ് സെറ്റിൽ പോയി നിൽക്കും. സ്‌കൂൾ തുറക്കുന്നതിന് തലേദിവസമാകും വീട്ടിലെത്തുക. സുകുവേട്ടന്റെ മരണശേഷം എന്റെ മക്കൾക്ക് അവരുടെ ഓണക്കാലവും നഷ്ടമായി എന്നാണ് തോന്നിയിട്ടുള്ളത്. പിന്നീട് പഠനത്തിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. ഓണത്തിന് പഴയ പൊലിമയുണ്ടായില്ല. പഠനം കഴിഞ്ഞപ്പോഴേക്കും രണ്ടുപേരു സിനിമയിൽ തിരക്കായി.

സുകുവേട്ടൻ ഇല്ല എന്നൊരു നൊമ്പരം ഉള്ളിന്റെ ഉള്ളിൽ ഉണ്ടെങ്കിലും കൊച്ചുമക്കളോടൊപ്പം ജീവിക്കുമ്പോൾ ആ ദുഖങ്ങൾ മറക്കുന്നു. കഴിഞ്ഞ കുറച്ചുനാളായി ഓണനാളിൽ ഒരുദിവസം എങ്കിലും ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൂടാറുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഓണക്കോടിയും ഓണസദ്യയുമൊക്കെയായി ആഘോഷിക്കാറുമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

AJILI ANNAJOHN :