നട്ടെല്ല് പണയം വെച്ചവൻ എന്ന് കമൻ്റ്; കിടിലൻ മറുപടി നൽകി സീരിയൽ താരം നിഥിൻ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട വിനോദമാണ് സീരിയലുകൾ . സീരിയലിൽ എത്തുന്ന കഥാപാത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട്. ഇവർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ ഫാൻസ് പേജുകളും ഉണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സീരിയൽ ജോഡികളായിരുന്നു കാവ്യയും ജീവയും. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാകുന്നത്. നടൻ ശ്രീറാം രാമചന്ദ്രനും റബേക്ക സന്തോഷുമാണ് കാവ്യയും ജീവയുമായി കസ്തൂരിമാനിൽ എത്തിയത്.

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായിരുന്നു കസ്തൂരിമാൻ. 2021 മാർച്ചിൽ സീരിയൽ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ കാവ്യയുടെയും ജീവയുടെയും പേരുകൾ ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് നിലവിൽ റബേക്ക അഭിനയിക്കുന്നത്. നീലകുയിൽ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നിഥിൻ ആണ് നായകൻ. അർജുൻ, പൂജ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇവർ എത്തുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ജോഡികൾക്ക് ലഭിക്കുന്നത്.

പ്രേക്ഷകർക്ക് ചില സമയങ്ങളിൽ സീരിയലിലെ മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല. ആ സമയം ആരിലാണോ മാറ്റം സംഭവിക്കുന്നത് ആ കഥാപാത്രങ്ങൾക്കെതിരെ തിരിയുന്ന ഒരു പ്രവണത ഇപ്പോൾ കണ്ടുവരാറുണ്ട്. അതുപോലെ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിഥിൻ.

അടുത്തിടെയായി തൻ്റെ കളിവീടിലെ കഥാപാത്രത്തിന് ലഭിക്കുന്ന നെ​ഗറ്റീവ് കമൻ്റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിഥിൻ. ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ ഇക്കാര്യം പറഞ്ഞത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന നിഥിൻ നായകനായി എത്തുന്ന കളിവീട് എന്ന സീരിയലിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

റെബേക്ക സന്തോഷിന്റെ പൂജ എന്ന കഥാപാത്രത്തിനെയും നിഥിന്റെ അർജ്ജുൻ എന്ന കഥാപാത്രത്തിനെയും ഒന്നിപ്പിച്ച് ‘അർജ’ എന്ന ഫാൻസ് പേജ് പോലും ഉണ്ട്. എന്നാൽ അടുത്ത കാലത്തെ അർജ്ജുന്റെ മാറ്റം പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല.

കളിവീടിലെ അർജ്ജുന്റേത് നല്ല കരുത്തുറ്റ നായക വേഷമായിരുന്നു. എന്നാൽ ഇപ്പോൾ അർജ്ജുന്റെ കഥാപാത്രം വേണ്ടത്ര രീതിയിൽ തന്റേടം കാണിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. അർജ്ജുന്റെ നട്ടെല്ല് ഊരിയെടുത്ത സീരിയലിന്റെ എഴുത്തുകാരൻ അത് തിരിച്ച് നൽകണം എന്നാണ് നിഥിൻ്റെ ചിത്രങ്ങൾക്ക് പോലും കമൻ്റ് ചെയ്യുന്നത്. എന്നാൽ താരം അതിന് അഭിമുഖത്തിലൂടെ മറുപടിയും നൽകുന്നുണ്ട്.

സീരിയലിൻ്റെ കഥയനുസരിച്ച് നട്ടെല്ല് മനപൂർവ്വം ഒന്ന് വളച്ചതാണ്. എങ്കിൽ മാത്രമേ സീരിയലിന്റെ കഥ മുന്നോട്ട് പോകുകയുള്ളൂ. പക്ഷെ അത് ഇനി കുറച്ച് ഭാഗങ്ങൾ കൂടി മാത്രമേ കാണൂള്ളൂ. എനിക്കും മെസേജുകൾ വന്നിരുന്നു നട്ടെല്ല് പണയം വെച്ചവൻ എന്ന്. പക്ഷെ അത്തരം ഒരു അവസ്ഥ വന്നാൽ അതിന് വേണ്ട മാറ്റം വരുത്തുമെന്ന് ഉറപ്പിച്ച് പറയുന്നു. ഞാൻ ആയിരിക്കില്ല അപ്പോൾ അർജ്ജുൻ. പ്രേക്ഷകരുടെ കമന്റുകൾ കൃത്യമായി നോക്കുന്ന ആളാണ് ഞാൻ, നിഥിൻ വ്യകതമാക്കി.

കളിവീട് എന്ന സീരിയലിൽ വൻ താരനിരയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. രാഘവൻ, ശ്രീലത നമ്പൂതിരി, സേതു ലക്ഷ്മി, കൊച്ചു പ്രേമൻ തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നാണ് റെബേക്ക മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. ‘രാഘവൻ സാറിനൊപ്പം, ഞങ്ങളുടെ മുത്തശ്ശനൊപ്പം രണ്ടാം തവണയാണ് ഞാൻ അഭിനയിക്കുന്നത്.

അത് പോലെ തന്നെ ശ്രീലത നമ്പൂതിരി, അച്ഛമ്മ, എന്റെ ആദ്യ സിനിമ മുതൽ അച്ഛമ്മക്കൊപ്പം ഞാൻ അഭിനയിക്കുകയാണ്. ഇവർ രണ്ടു പേരും എപ്പോഴും എന്നെ അമ്പരപ്പിച്ചുകൊണ്ട് ഇരിക്കും. ഇവരുടെ ഒക്കെ കൂടെയുള്ള ഓരോ സീനും ഓരോ പാഠമാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക്, നടി പറഞ്ഞു.

AJILI ANNAJOHN :